
ബംഗളൂരു : കരാറുകാരന്‍റെ മരണത്തില്‍ ആരോപണ വിധേയനായ കർണാടക മന്ത്രി ഈശ്വരപ്പ രാജി വച്ചു. മന്ത്രിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ ദേശീയ നേതൃത്വത്തിൽ നിന്നുൾപ്പെടെയുണ്ടായ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് രാജി. രാജിക്കത്ത് നാളെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്ക് കൈമാറും.
നാല് കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മിഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരൻ സന്തോഷ് വെളിപ്പെടുത്തിയത്. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിനെ കണ്ട് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബി.ജെ.പി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആത്മഹത്യാപ്രേരണാ കുറ്റത്തിന് മന്ത്രിക്ക് എതിരെ കേസെടുത്തിരുന്നു.
കരാറുകാരന്‍ സന്തോഷിനെ അറിയില്ലെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. അടിയന്തര ഇടപെടല്‍ തേടി രാഷ്ട്രപതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. അറസ്റ്റ് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനാണ് തീരുമാനം.സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിന്‍റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. വീട്ടുവളപ്പില്‍ സംസ്കരിച്ചു.