
ലണ്ടൻ : ഇംഗ്ളീഷ് ക്ളബുകളായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമിയിൽ പ്രവേശിച്ചു. രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെൻഫിക്കയോട് ലിവർപൂൾ 3-3ന് സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യപാദ ക്വാർട്ടറിലെ 3-1ന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ലിവർപൂൾ സെമിയിൽ പ്രവേശിക്കുകയായിരുന്നു . 6–4 എന്ന ഗോൾ മാർജിനിലായിരുന്നു ലിവർപൂളിന്റെ സെമിപ്രവേശം.
രണ്ടാം പാദത്തിൽ പിന്നിൽ നിന്ന ശേഷം ബെൻഫിക്ക സമനിലയിലേക്ക്പൊരുതിക്കയറിയെങ്കിലും ലിവർപൂളിന്റെ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ നിന്ന് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. ലിവർപൂളിനായി ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോ ഇരട്ട ഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റിയും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുളള രണ്ടാം പാദ ക്വാർട്ടർ മത്സരം മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ ആദ്യപാദ ക്വാർട്ടറിൽ എതിരില്ലാത്ത ഒരുഗോളിന് വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ സിറ്റി സെമിയിലേക്ക് മുന്നേറുകയായിരുന്നു. മത്സരത്തിൽ ഗോൾ പിറന്നില്ല എങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. അവസാന സമയത്ത് കയ്യാങ്കളിയിലേക്ക് നീങ്ങിയതിനെത്തുടർന്ന് റഫറി അത്‌ലറ്റിക്കോയുടെ ബ്രസീലിയൻ താരം ഫെലിപ്പെയെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കുകയും ചെയ്തു. ഇരുടീമിലെയും താരങ്ങളും പരിശീലക സംഘത്തിലുള്ളവരും കയ്യാങ്കളിയിൽ പങ്കാളികളായതിനെത്തുടർന്ന് 13 മിനിട്ടോളമാണ് ഇൻജുറി ടൈം അനുവദിക്കേണ്ടിവന്നത്. ഗാലറിയിൽ നിന്ന് കുപ്പിയേറുണ്ടായതിനെത്തുടർന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങളെയും പരിശീലകരെയും പൊലീസ് അകമ്പടിയോടെയാണ് മത്സരത്തിന് ശേഷം പുറത്തെത്തിച്ചത്.
സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് റയൽ മാഡ്രിഡ് ആണ് എതിരാളികൾ. ലിവർപൂൾ വിയ്യാ റയലിനെ നേരിടും.
സെമി ഫിക്സ്ചർ
മാഞ്ചസ്റ്റർ സിറ്റി Vs റയൽ മാഡ്രിഡ്
ലിവർപൂൾ Vs വിയ്യാറയൽ