
കറാച്ചി: 2012ൽ ഇന്ത്യൻ പര്യടനത്തിനായി എത്തിയ പാകിസ്ഥാൻ താരങ്ങൾക്കൊപ്പം അവരുടെ ഭാര്യമാരും ഉണ്ടായിരുന്നു. സാധാരണ പാകിസ്ഥാൻ ക്രിക്കറ്റർമാരുടെ ഭാര്യമാർ ടീമിനൊപ്പം യാത്ര ചെയ്യുന്നത് പതിവല്ലെങ്കിലും അക്കൊല്ലം ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ ടീമിലെ എല്ലാ താരങ്ങളുടെയും ഭാര്യമാർ ടീമിനൊപ്പം യാത്ര ചെയ്തിരുന്നു. എന്നാൽ അന്ന് അവർ എത്തിയത് വെറുതെ ക്രിക്കറ്റ് കണ്ട് ഉല്ലസിച്ച് പോകുന്നതിന് വേണ്ടി മാത്രമായിരുന്നില്ല മറിച്ച് കളിക്കാരുടെ ഭാര്യമാർക്ക് ഒരു പ്രത്യേക ദൗത്യംകൂടി ഇന്ത്യയിൽ നടപ്പാക്കേണ്ടതായി ഉണ്ടായിരുന്നു.
തങ്ങളുടെ ഭർത്താക്കന്മാരെ എല്ലായ്പ്പോഴും നിരീക്ഷിക്കുകയും അവർ അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഭാര്യമാരെ കൂടി ടീമിനൊപ്പം അയച്ചതെന്ന് അന്നത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ആയിരുന്ന സാക്കാ അഷറഫ് വെളിപ്പെടുത്തി. പാകിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും കൂടി നിർദ്ദേശം അനുസരിച്ചാണ് ഇത്തരമൊരു നീക്കം പിസിബി അന്ന് നടത്തിയതെന്നും അഷറഫ് പറഞ്ഞു.
രാഷ്ട്രീയപരമായി ശത്രുരാജ്യമായിരുന്നതിനാൽ പാകിസ്ഥാൻ താരങ്ങളെ ഇന്ത്യയിലെ മാദ്ധ്യമങ്ങൾ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ കളിക്കാരുടെ മേൽ എപ്പോഴും ഒരു നിയന്ത്രണം ഉണ്ടായിരിക്കണമെന്നും പാകിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നതായി അഷറഫ് പറഞ്ഞു. അതിന് പിസിബി കണ്ടെത്തിയ മാർഗമായിരുന്നു ഭാര്യമാരെ കൂടി ടീമിനൊപ്പം അയയ്ക്കുക എന്നത്. ഭാര്യമാരെക്കാളും നന്നായി താരങ്ങളെ നിയന്ത്രിക്കാൻ മറ്റാർക്കും സാധിക്കില്ലെന്ന് തങ്ങൾക്ക് നല്ല ഉറപ്പായിരുന്നെന്നും അഷറഫ് പറഞ്ഞു.
2012 ഡിസംബർ മുതൽ 2013 ജനുവരി വരെയായിരുന്നു മൂന്ന് ഏകദിനങ്ങളും രണ്ട് ടി ട്വന്റികളുമടങ്ങിയ പാകിസ്ഥാൻ പര്യടനം. ഇതിന് പകരമായി ഇന്ത്യ പാകിസ്ഥാനിലേക്കും പര്യടനം നടത്തുമെന്നായിരുന്നു ധാരണയെങ്കിലും അപ്പോഴേക്കും രാഷ്ട്രീയസ്ഥിതി ഗതികൾ വഷളായതിനെ തുടർന്ന് ആ പര്യടനം നടന്നില്ല.