ukraine

കീവ് : കരിങ്കടലിൽ റഷ്യൻ പടക്കപ്പലായ ' മോസ്ക്‌വ" തകർത്തെന്ന് അവകാശവാദവുമായി യുക്രെയിൻ. എന്നാൽ, യുക്രെയിന്റെ ആക്രമണത്തിൽ കപ്പൽ തകർന്നെന്ന റിപ്പോർട്ട് റഷ്യ തള്ളി. എന്നാൽ, മിസൈൽ വാഹിനി യുദ്ധക്കപ്പലായ മോസ്ക്‌വയിൽ ഗുരുതരമായ പൊട്ടിത്തെറിയുണ്ടായെന്നും കപ്പലിലുണ്ടായിരുന്ന 510 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും തീ നിയന്ത്രണവിധേയമായെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കപ്പലിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നുകൾ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് റഷ്യ അറിയിച്ചെങ്കിലും പൊട്ടിത്തെറിയിലേക്ക് നയിച്ച കാരണം വ്യക്തമാക്കിയിട്ടില്ല. 610 അടി നീളമുള്ള മോസ്ക്‌വ ഇപ്പോഴും കടലിൽ സഞ്ചരിക്കുന്നുണ്ടെന്നും കപ്പലിലെ പ്രധാന ആയുധ ശേഖരത്തിന് കേടുപാടില്ലെന്നും റഷ്യ പറയുന്നു. തങ്ങളുടെ നെപ്ട്യൂൺ മിസൈലുകളാണ് മോസ്ക്‌വ തകർത്തതെന്നും കപ്പൽ മുങ്ങാൻ തുടങ്ങിയെന്നുമായിരുന്നു യുക്രെയിന്റെ ആരോപണം.

കരിങ്കടലിൽ തമ്പടിച്ചിരുന്ന റഷ്യൻ സൈനിക വ്യൂഹത്തിലെ ഏറ്റവും തന്ത്രപ്രധാനമായ യുദ്ധക്കപ്പലായിരുന്നു മോസ്ക്‌വ. മുമ്പ് കരിങ്കടലിൽ യുക്രെയിന്റെ അധീനതയിലുണ്ടായിരുന്ന സ്നേക്ക് ഐലൻഡിന് നേരെ ആക്രമണം നടത്തിയത് മോസ്ക്‌വ ആയിരുന്നു. സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മോസ്ക്‌വയ്ക്കേറ്റ നാശനഷ്ടം റഷ്യൻ നേവിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. റഷ്യയുടെ കരിങ്കടൽ ഫ്ലീറ്റിലെ പ്രധാന കപ്പലാണ് മോസ്‌ക്‌വ. ഡസൻ കണക്കിന് കപ്പൽവേധ മിസൈലുകളും ആന്റി സബ്‌മറൈൻ ടോർപിഡോകളും വഹിക്കാൻ ശേഷിയുള്ളതാണ് മോസ്ക്‌വ.

 മരിയുപോളിൽ 1,000ത്തിലേറെ യുക്രെയിൻ സൈനികർ കീഴടങ്ങിയെന്നും തുറമുഖ നഗരമായ ഇവിടം തങ്ങളുടെ നിയന്ത്രണത്തിലായെന്നുമുള്ള റഷ്യയുടെ വാദം മരിയുപോൾ മേയർ വാഡിം ബൊയ്ചെങ്കോ തള്ളി.

 റഷ്യയിലെ ബെൽഗൊറോഡിലെ സ്പൊഡറ്യുഷിങ്കോ ഗ്രാമത്തിന് നേരെ യുക്രെയിൻ ഷെല്ലാക്രമണം നടത്തിയെന്ന് ഗവർണറുടെ ആരോപണം

 റഷ്യയിലെ ബ്രയാങ്ക്സ് മേഖലയിലെ അതിർത്തി പോസ്റ്റിന് നേരെ യുക്രെയിൻ ഷെല്ലാക്രമണമെന്ന് റഷ്യ
 ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു

 മോസ്ക്‌വ

 റഷ്യയുുടെ അഭിമാനം

 സ്ലാവ ക്ലാസ് യുദ്ധക്കപ്പൽ

 ഭാരം - 12,500 ടൺ

 സോവിയറ്റ് യുഗത്തിൽ പിറവ്

 1980കളിൽ റഷ്യൻ നേവിയുടെ ഭാഗമായി

 മുമ്പ് സിറിയൻ യുദ്ധത്തിൽ ഭാഗമായി

 നീളം - 610 അടി

 വേഗത - മണിക്കൂറിൽ 59 കിലോമീറ്റർ

 ഹെലിപാഡ് സൗകര്യം

 നെപ്ട്യൂൺ മിസൈൽ

 യുക്രെയിൻ മിലിട്ടറിയുടെ രൂപകല്പന

 പരിധി - 300 കിലോമീറ്റർ

 കഴിഞ്ഞ വർഷം മാർച്ചിൽ യുക്രെയിൻ നേവിയുടെ ഭാഗമായെന്ന് കരുതുന്നു

 ഭാരം - 870 കിലോ

 നീളം - 5.05 മീറ്റർ