moskwa

മോസ്കോ: റഷ്യയുടെ അഭിമാനങ്ങളിൽ ഒന്നായിരുന്ന മോസ്ക്വ യുദ്ധകപ്പൽ മിസൈലുകൾ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയിനിന്റെ അവകാശവാദം. അതേസമയം യുദ്ധകപ്പൽ പൊട്ടിത്തെറിയിൽ തകർന്നെന്ന് സഥിരീകരിച്ച് റഷ്യ പക്ഷേ യുക്രെയിൻ ആക്രമണ വാർത്ത നിഷേധിച്ചു. കപ്പലിൽ പെട്ടെന്ന് ഉണ്ടായ തീപിടുത്തതിൽ അഗ്നി കപ്പലിന്റെ ആയുധശേഖരത്തിലേക്ക് പടരുകയും കപ്പൽ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് റഷ്യൻ വിശദീകരണം. കപ്പലിൽ ഉണ്ടായിരുന്ന സൈനികർ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യ പറഞ്ഞു.

അതേസമയം തീപിടിത്തതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്താൻ റഷ്യ തയ്യാറായില്ല. ഇതിനെകുറിച്ച് അന്വേഷണം നടക്കുകയാണെന്ന് മാത്രമായിരുന്നു ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടി. എന്നാൽ യുക്രെയിൻ അവകാശപ്പെടുന്നത് പോലെ മിസൈൽ ആക്രമണത്തിലാണ് കപ്പൽ തകർന്നതെങ്കിൽ അത് റഷ്യക്കും പുടിനും ഒരുപോലെ ക്ഷീണമായിരിക്കും. യുക്രൈൻ യുദ്ധം തുടങ്ങിയ അവസരത്തിൽ സ്നേക്ക് ഐലൻഡിലെ യുക്രൈൻ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പൽ ഉപയോഗിച്ചായിരുന്നു.

611 അടി നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കുന്ന സോവിയറ്റ്‌ കാലത്തിന്റെ അഭിമാന ചിഹ്നം കൂടിയാണ് മോസ്‌ക്വ യുദ്ധകപ്പൽ. 1980 ൽ കമ്യുണിസ്റ്റ് സോവിയറ്റ് യൂണിയനിൽ നിർമിച്ച യുദ്ധക്കപ്പലിൽ പി തൗസൻഡ് കപ്പൽവേധ മിസൈലുകൾ ആണ് പ്രധാന ആയുധശേഖരം.