
തിരുവനന്തപുരം: വർക്കലയിൽ പച്ചക്കറി വ്യാപാരി പ്രതാപനും കുടുംബവും വീടിന് തീപിടിച്ചു മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ തുടക്കമെവിടെയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കാർപോർച്ചിന്റെ ഭാഗത്തുനിന്ന് ഹാൾവഴി വീട്ടിനുള്ളിലേക്ക് തീ പടർന്നതായാണ് ഫയർഫോഴ്സ് പരിശോധനയിൽ കണ്ടെത്തിയതെങ്കിലും അംഗീകരിക്കാൻ പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും തയ്യാറായിട്ടില്ല.
ഹാളും കാർപോർച്ചും ചേരുന്ന ഭാഗത്ത് എന്തോ മുകളിൽ നിന്ന് കത്തി വീഴുന്നതായി അയൽവീട്ടിലെ സി.സി ടിവി ക്യാമറയിൽ കണ്ടെത്തിയെങ്കിലും ഹാളിലാണോ കാർപോർച്ചിലാണോ ഇത് വീണതെന്ന് വ്യക്തമായിട്ടില്ല. പൂർണമായും കത്തിനശിച്ച രാഹുൽ നിവാസിലെ സി.സി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ വീണ്ടെടുത്താൽ വ്യക്തത വരുത്താനാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. ഇതിനായി തീപിടിത്തത്തിൽ കേടുപാടുണ്ടായ കാമറ സംവിധാനത്തിന്റെ ഹാർഡ് ഡിസ്ക് പരിശോധനയ്ക്കായി ആദ്യം ഫോറൻസിക് ലാബിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ലാബിലുമെത്തിച്ചെങ്കിലും ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല.
കൊച്ചിയിലെ ശ്രമവും പരാജയപ്പെട്ടതോടെ ഹൈദരാബാദിലെ സെൻട്രൽ പൊലീസ് ഫോറൻസിക് ലാബിൽ ഹാർഡ് ഡിസ്‌ക് എത്തിച്ച് ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമോയെന്നാണ് പൊലീസ് ആലോചിക്കുന്നത്. അപകടമുണ്ടായി ഒരുമാസം പിന്നിട്ടിട്ടും തീപിടിത്തത്തിന്റെ തുടക്കമെവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർക്കും കൃത്യമായി കഴിയാത്ത സാഹചര്യത്തിലാണിത്. വീടിന്റെ മുൻവശത്തെ കാർപോർച്ചിൽ നിന്നോ ഹാളിൽ നിന്നോ തീ വ്യാപിച്ചതായാണ് നിഗമനം. അയൽവീട്ടിലെ ക്യാമറ ദൃശ്യത്തിൽ വ്യക്തത വരുത്താനായി രാത്രിയിൽ വിളക്കുതെളിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയ്‌ക്കുശേഷം വീട്ടിലെത്തിയ രണ്ടാമത്തെ മകൻ നിഹുലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ മാതാപിതാക്കളും ഭാര്യയും മകനും സഹോദരനും ദുരന്തത്തിൽ തന്നെ വിട്ടുപോയത് ഇപ്പോഴും നിഹുലിന് ഉൾക്കൊള്ളാനായിട്ടില്ല.