gorilla

ബെർലിൻ : ലോകത്തെ ഏറ്റവും പ്രായകൂടിയ ഗോറില്ലയായ ഫാറ്റുവിന്റെ 65ാം പിറന്നാൾ ഗംഭീരമാക്കി ബെർലിൻ മൃഗശാല. അരി, ചീസ്, പഴങ്ങൾ, പച്ചക്കറി തുടങ്ങിയവ ചേർത്ത് നിർമ്മിച്ച അടിപൊളി കേക്കാണ് മൃഗശാല അധികൃതർ ഫാറ്റുവിന് ഒരുക്കിയത്. ചുവപ്പ് നിറത്തിലെ മിഠായികളും ഫാറ്റുവിന് സമ്മാനമായി നൽകി. തനിക്ക് ലഭിച്ച പ്രത്യേക സത്കാരം ഫാറ്റുവിന് വളരെയേറെ ഇഷ്ടമായതായി ഫാറ്റുവിനെ പരിചരിക്കുന്നവർ പറയുന്നു.

വെസ്റ്റേൺ ലോലാൻഡ് ഗോറില്ലയായ ഫാറ്റു 1959ലാണ് ബെർലിൻ മൃഗശാലയിലെത്തിയത്. കാട്ടിൽ ജീവിക്കുന്ന ഗോറില്ലകൾക്ക് ശരാശരി 40 വയസാണ് ആയുസ്. 1957ൽ പടിഞ്ഞാറൻ ആഫ്രിക്കൻ വനാന്തരങ്ങളിലാണ് ഫാറ്റുവിന്റെ ജനനം. ഒരു ഫ്രഞ്ച് നാവികൻ ഫാറ്റുവിനെ ഇവിടെ നിന്ന് വളർത്താനായി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫാറ്റുവിന് രണ്ട് വയസുള്ളപ്പോൾ നാവികൻ മൃഗശാലയ്ക്ക് കൈമാറുകയായിരുന്നു.

കോളോ, ട്രൂഡി എന്നീ ഗോറില്ലകളാണ് ഫാറ്റുവിന് മുന്നേ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത്. ഇരു ഗോറില്ലകളും 60 വയസുവരെ ജീവിച്ചു. കോളോ 2017 ലാണ് ലോകത്തോട് വിടപറഞ്ഞത്. യു.എസിലെ ആർകാൻസാസ് മൃഗശാലയിൽ കഴിഞ്ഞിരുന്ന ട്രൂഡി 2019ൽ ഓർമയായി.

നിലവിൽ വംശനാശ ഭീഷണി നേരിടുന്നവയാണ് വെസ്റ്റേൺ ലോലാൻഡ് ഗോറില്ലകൾ. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഗാബോൺ, കോംഗോ എന്നിവിടങ്ങളിലെ കാടുകളിലാണ് ഇവയുടെ വാസം. എന്നാൽ, വന നശീകരണവും വേട്ടയാടലും ഇവയുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണ്.