
കുളിമുറിയും ടോയ്‌ലെറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് വീടിനും അവിടെ താമസിക്കുന്നവർക്കും ആരോഗ്യപരമായും ഏറെ പ്രധാനമാണ്. കുളിമുറിയുടെ തറയില്‍ കറ പറ്റിപ്പിടിച്ചിരിക്കുന്നതും ടൈലുകള്‍ക്കിടയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നതും അവിടം രോഗാണുക്കളുടെ കേന്ദ്രമാകാൻ കാരണമാകും. ടൈലുകള്‍ക്കിടയിലെ അഴുക്ക് വൃത്തിയാക്കാൻ ചില എളുപ്പമാർഗങ്ങൾ പ്രയോഗിച്ചാൽ മതിയാകും,
ചൂടുവെള്ളം സ്‌പ്രേ ചെയ്യുന്നതിലൂടെ ടൈലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനാവും. ടൈലിന്റെ മുകളില്‍ ചൂടുവെള്ളം നന്നായി സ്‌പ്രേ ചെയ്ത് കൊടുക്കുക. അതിനുശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ടൈലുകള്‍ക്കിടയില്‍ ഉരച്ച് കഴുകാം. അവസാനം നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം
ചൂടുവെള്ളത്തിന് പകരം സ്റ്റീം ക്ലീനേഴ്‌സും ഉപയോഗിക്കാം. ചൂടുള്ള ആവി ടൈലുകള്‍ക്കിടയിലെ അഴുക്കുള്ള ഭാഗത്ത് പതിപ്പിക്കുന്നതും ഗുണം ചെയ്യും. ഇതിന് ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. വെള്ളവും വിനാഗിരിയും തുല്യഅളവില്‍ എടുത്തശേഷം തറയില്‍ അഴുക്ക് അടിഞ്ഞുകൂടിയ ഭാഗത്ത് സ്‌പ്രേ ചെയ്തുകൊടുക്കാം അഞ്ച് മിനിട്ട് കഴിഞ്ഞ് കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് ഉരച്ച് . ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. വിനാഗിരിയില്‍ വെള്ളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. കാരണം, അസിഡിക് സ്വഭാവമാണ് വിനാഗിരിക്ക് ഉള്ളത്. ഇത് നേരിട്ട് ഉപയോഗിക്കുന്നത് ടൈലിന് കേടുപാടുകള്‍ വരുത്തിയേക്കാം.
ടൈലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് കാലങ്ങളായി പ്രയോഗിച്ച് വരുന്ന മാര്‍ഗമാണ് ബേക്കിംഗ് സോഡയും വിനാഗിരിയും. കുറച്ച് വെള്ളത്തിൽ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് ടൈലുകള്‍ക്കിടയില്‍ തേച്ച് പിടിപ്പിക്കാം. ഇതിലേക്ക് ചെറുചൂടുവെള്ളത്തില്‍ അതേ അളവില്‍ വിനാഗിരി ചേര്‍ത്തവെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കാം. ബേക്കിംഗ് സോഡയും വിനാഗിരിയും തമ്മില്‍ രാസപ്രവര്‍ത്തനം നടന്ന് കട്ടികൂടിയ പത ഉണ്ടാകും. കുറച്ച് സമയം കഴിഞ്ഞ് ഈ പതയുടെ കട്ടികുറഞ്ഞ് വരുന്നത് കാണാം. അപ്പോള്‍ ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയെടുക്കാം.
വിനാഗിരിയില്‍ ബേക്കിങ് സോഡ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന കട്ടികൂടിയ കൂട്ട് തേച്ചുപിടിപ്പിച്ചും ഇപ്രകാരം അഴുക്ക് വൃത്തിയാക്കാന്‍ കഴിയും. ടൈലുകള്‍ക്കിടയില്‍ അഴുക്ക് കട്ടിപിടിച്ച് നില്‍ക്കുന്നിടത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച ശേഷം ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ടോയ്‌ലറ്റിന്റെ തറ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച വിനാഗിരി ഉപയോഗിച്ച് കഴുകുന്നത് വൃത്തിയോടെ ഇരിക്കാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ ടൈലുകള്‍ക്കിടയില്‍ സീല്‍ ചെയ്യുന്നത് ഇവിടം വൃത്തിയായി ഇരിക്കാന്‍ സഹായിക്കുന്നതിന് പുറമെ കുഴികളും മറ്റും ഉണ്ടായി ടൈല്‍ നശിച്ചുപോകാതെയും കാക്കും.