suresh-gopi

തിരുവനന്തപുരം: വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ എം പി സുരേഷ് ഗോപി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം ഏൽപ്പിച്ചതും കുട്ടികൾക്ക് കെെനീട്ടം നൽകിയതും വഴിയരികിൽ വച്ച് കെെനീട്ടം മേടിച്ചവർ കാൽ തൊട്ട് വന്ദിച്ചതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായി മാറിയിരുന്നു.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ സുരേഷ് ഗോപി 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് നൽകിയിരുന്നത്. പിന്നാലെ ഇത്തരത്തിൽ മേൽശാന്തിമാർ തുക സ്വീകരിക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് വിലക്കി. കൈനീട്ട നിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നായിരുന്നു ബോർഡിന്റെ നിലപാട്.

വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടത്തിനായി പണം നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ്‌ഗോപി ജില്ലയിലുണ്ട്.

കഴിഞ്ഞ വർഷവും ഇത് പോലെ കെെനീട്ടം കൊടുക്കാനായി ക്ഷേത്രത്തിൽ പണം ഏൽപ്പിച്ചിരുന്നുവെന്ന് വിമർശനങ്ങൾക്കുള്ള മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ രാജ്യസഭാ കാലാവധി കഴിഞ്ഞ ശേഷം തൃശൂരെത്തി. ഒരാഴ്‌ച വിഷു വാരമായി ആഘോഷിക്കാമെന്നും എല്ലാവർക്കും കെെനീട്ടം കൊടുക്കാമെന്നും തീരുമാനിക്കുകയായിരുന്നു.

റിസർവ് ബാങ്കിൽ നിന്നും തന്റെ ലെറ്റർ പാഡിൽ എഴുതി കൊടുത്താണ് ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളും 20000 രൂപയ്ക്കുള്ള പത്ത് രൂപ നോട്ടുകളും വാങ്ങിയത്. ഇതാണ് കൈനീട്ടത്തിനായി ക്ഷേത്രങ്ങളിൽ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെെനീട്ടം കൊടുക്കുന്നത് വർഷങ്ങളായുള്ള ആചാരമാണ്. അത് ആരെയെങ്കിലും ഭയപ്പെടുത്തുന്നുവെങ്കിൽ പോയി ചാകാൻ പറയ് എന്നും അദ്ദേഹം പ്രതികരിച്ചു.

ഞാനിത് ദെെവീകമായി ചെയ്‌തതാണ്. എനിക്ക് കടപ്പാട് ദെെവത്തോട് മാത്രമാണ്, ഒരു രാഷ്ടീയ പാർട്ടിയോടുമല്ല. മനുഷ്യ സഹജമായ തെറ്റുകൾ ചെയ്തിട്ടുണ്ടാവാം. എന്നാൽ ആരോടും ദ്രോഹം ചെയ്‌തിട്ടില്ല. ദ്രോഹികളാണ് വിമർശനം ഉന്നയിക്കുന്നതെന്നും അവരോട് പോയി പണി നോക്കാനും അദ്ദേഹം പറഞ്ഞു.

suresh-gopi-

കെെനീട്ടം വാങ്ങിയവർ കാൽ തൊട്ട് വന്ദിച്ചതിലും സുരേഷ് ഗോപി വ്യക്തത വരുത്തി. ആരോടും കാൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പോകുന്ന വഴിക്ക് ആളുകളാണ് കാറിന് കെെകാണിച്ച് നിർത്തിച്ചത്. ഗ്ലാസ് താഴ്‌ത്തിയാണ് ആദ്യം കെെനീട്ടം നൽകിയത്. എന്നാൽ അവരുടെ ആവശ്യപ്രകാരമാണ് ഡോർ തുറന്നത്. റോഡിലിറങ്ങി തരാനാകില്ലെന്ന് പറഞ്ഞു. പെരുവഴിയിൽ വച്ചല്ല കെെനീട്ടം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർക്കാണ് ഇത്ര അസുഖം. അവരുടെ ഒക്കെ കാലിൽ വീഴണ്ടെങ്കിൽ വീഴണ്ട. ഇത് കാലിൽ വീഴുന്ന ആളിന്റെ നിശ്ചയമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരാളെയെങ്കിലും പറഞ്ഞ് ചെയ്യിച്ചതാണെന്ന് തെളിയിക്കാനാകുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

രാഷ്ടീയത്തിലേയ്ക്ക് എത്തുന്നതിന് മുൻപ് എൻഡോസൾഫാൻ പ്രദേശത്ത് ഏതവനാ പോയതെന്നും അദ്ദേഹം ചോദിച്ചു. പണ്ട് ഒരു ദലിത് പെൺകുട്ടി ഞാനൊരു പുലയിപ്പെണ്ണ് എന്ന് പോസ്റ്റിട്ടപ്പോൾ അതിന് എം പി ഫണ്ടിന്ന് സഹായിക്കാൻ നോക്കിയപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നും കൊടുക്കാൻ നോക്കിയപ്പോഴും സമ്മതിച്ചില്ല. ഇത്തരത്തിൽ വൃത്തികെട്ട രാഷ്ടീയമാണ് ചിലർ കളിയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക നിയമങ്ങൾ രാജ്യത്ത് ശക്തമായി മടങ്ങി വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തത്കാലം തോറ്റെങ്കിലും ഫീനിക്‌സ് പക്ഷിയെപ്പൊലെയല്ല, ആന ചിറക് വച്ചത് പോലെ നിയമം തിരിച്ചുവരും. വരും നാളുകളിൽ രാഷ്ടീയവും സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.