agri

തൃശൂർ: അടുക്കളത്തോട്ടത്തിന് മണ്ണൊരുക്കുമ്പോൾ ഫംഗസ്, ബാക്ടീരിയ, കള എന്നിവയുടെ ശല്യമുണ്ടാകാതിരിക്കാൻ 'താപചികിത്സ' ചെയ്യേണ്ട സമയമാണിതെന്ന് കൃഷി വിദഗ്ദ്ധർ പറയുന്നു. പോളിത്തീൻ ഷീറ്റ് കൊണ്ട് മണ്ണിൽ ചൂട് പിടിച്ചുനിറുത്തിയാണ് സൂര്യതാപീകരണം (സോയിൽ സോളറൈസേഷൻ) നടത്തുന്നത്.

പൂന്തോട്ടം, നഴ്‌സറി, ഗ്രോബാഗ് കൃഷി എന്നിവയ്ക്കും ഇഞ്ചി, മഞ്ഞൾ, പൈനാപ്പിൾ, പച്ചക്കറി തുടങ്ങി തടമെടുത്തുള്ള കൃഷിക്കും ഈ രീതി സ്വീകരിക്കാം. ഗ്രോബാഗിലും ചട്ടിയിലും നിറയ്ക്കും മുമ്പ് മണ്ണ് കൂട്ടിയിട്ട് നനച്ച ശേഷം മുകളിൽ പോളിത്തീൻ ഷീറ്റ് പുതയ്ക്കാം. ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയ്ക്കാണെങ്കിൽ നിലം വൃത്തിയാക്കി തടമെടുത്ത്, നനച്ച ശേഷം ഷീറ്റ് പുതയ്ക്കണം.

agri

25 മൈക്രോൺ ഷീറ്റാണ് ഉപയോഗിക്കേണ്ടത്. കാറ്റ് കടക്കാതിരിക്കാൻ ഷീറ്റിന്റെ ഇരുവശവും മണ്ണിട്ടു മൂടണം. ഒരു കിലോ പോളിത്തീൻ ഷീറ്റു കൊണ്ട് 100 ചതുരശ്രയടി പുതയ്ക്കാം. വില കിലോയ്ക്ക് 170 രൂപ മുതലുണ്ട്. നല്ല ഷീറ്റ് വീണ്ടും ഉപയോഗിക്കാം.

ചുരുങ്ങിയത് രണ്ടാഴ്ച പുതയിടണം. ഒരു മാസം വരെയുമാകാം. മണ്ണിലെ ചൂട് 50-55 ഡിഗ്രിയാകുകയും 10 സെന്റിമീറ്റർ ആഴത്തിലെത്തുകയും ചെയ്താൽ അപകടകരമായ കുമിൾ, കീടം, ഫംഗസ് എന്നിവ നശിക്കും. ഉയർന്ന അന്തരീക്ഷ ഊഷ്മാവുള്ള മൂന്നു ദിവസം തുടർച്ചയായി ഷീറ്റ് കൊണ്ട് മൂടിയാൽ കീടങ്ങളെ ഇല്ലാതാക്കാനാകും.

തുടർന്ന് ഷീറ്റ് മാറ്റി കൃഷിയിറക്കാം. കള പറിക്കാനും കീടനാശിനിക്കുമുള്ള ചെലവ് കുറയ്ക്കാനും ഇതിലൂടെയാകും. കീടനാശിനി മുക്ത കാർഷികോത്പന്നം ലഭിക്കുകയും ചെയ്യും.

പാഴായിപ്പോകുന്ന സൂര്യപ്രകാശത്തെ കൃഷിക്ക് പ്രയോജനപ്പെടുത്തുന്ന രീതിയാണിത്. അടുക്കളത്തോട്ടം, ഗ്രോബാഗ് പോലെ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് വലിയ ചെലവില്ലാത്ത കീടപ്രതിരോധ മാർഗ്ഗവുമാണ്.

ജോസഫ് ജോൺ തേറാട്ടിൽ
കൃഷി ഓഫീസർ
ജില്ലാ മണ്ണു പരിശോധനാ ലാബ്, തൃശൂർ