krishna-singh

ഗ്ലാസ്‌ഗോ: രോഗികളായ സ്ത്രീകള്‍ക്ക് നേരേ കഴിഞ്ഞ 35 വർഷത്തിനിടെ ഒട്ടനവധി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി.

സ്‌കോട്ട്‌ലന്‍ഡില്‍ ജനറല്‍ പ്രാക്ടീഷണറായ ഡോക്‌ടർ കൃഷ്ണ സിംഗിനെയാണ് ഗ്ലാസ്‌ഗോയിലെ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 1983 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 72 കാരനായ ഈ ഡോക്‌ടർ 48 രോഗികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.

2018 ൽ ഒരു യുവതി കൃഷ്ണ സിംഗിനെതിരെ പരാതിയുമായി എത്തി. ഇതോടെയാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് ഒട്ടനവധിപേരെ ഇയാൾ ഉപദ്രവിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പ്രാക്ടീസ് ചെയ്യുന്നതിനിടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വെച്ചും പൊലീസ് സ്‌റ്റേഷനിൽ വച്ചും ഇയാൾ സ്‌ത്രീകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

krishna-singh

ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ചുംബിച്ചു, അശ്ലീലച്ചുവയില്‍ സംസാരിച്ചു, കയറിപിടിച്ചു, ആവശ്യമില്ലാത്ത പരിശോധനകള്‍ക്ക് വിധേയരാക്കി തുടങ്ങിയ പരാതികൾ ഇയാൾക്കെതിരെയുണ്ട്. മെഡിക്കല്‍ രംഗത്തെ സേവനത്തിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വരെ അംഗീകാരം ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

വിവിധ ലൈംഗികാതിക്രമങ്ങള്‍ ഉൾപ്പടെ 54 കുറ്റങ്ങളിലാണ് ‌ഡോക്‌ടർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന ഒമ്പത് കുറ്റങ്ങള്‍ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ശിക്ഷ അടുത്ത മാസം കോടതി വിധിക്കും.