
കൊച്ചി: നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. പക്ഷെ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി അടുത്തയാഴ്ച പരിഗണിക്കും.
കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേസുമായി ബന്ധപ്പെട്ട് ഇനിയും സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ ബോദ്ധ്യപ്പെടുത്തും. ദിലീപിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവർ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതും അന്വേഷണത്തിൽ കാലതാമസമുണ്ടാക്കി. ഇക്കാരണമുൾപ്പടെ കോടതിയെ ബോദ്ധ്യപ്പെടുത്തി അന്വേഷണം പൂർത്തിയാക്കാൻ ഇനിയും സമയം വേണമെന്നാകും ആവശ്യപ്പെടുക.
ഇന്നുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും ഇനി ബാക്കിയുള്ള നടപടികളുമാകും സംഘം ഇപ്പോൾ കോടതിയെ അറിയിക്കുക. സമയം നീട്ടി വാങ്ങി പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിൽ ഹർജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്.
അതേസമയം കാവ്യയെ എവിടെ വച്ച് ചോദ്യം ചെയ്യും എന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. നടിയെ അക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ കാവ്യയ്ക്കും പങ്കുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും അതിനാൽ തന്നെ വീട്ടിൽ വച്ച് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കാവ്യ.
ദിലീപിന്റെയും കാവ്യയുടേയും പദ്മ സരോവരം വീട്ടിൽ വച്ച് ചോദ്യം ചെയ്യണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ ഒടുവിലത്തെ തീരുമാനം. ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ആലുവയിൽ എത്തിയിരുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.