
മുംബയ്: രാജ്യത്ത് വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ച ദി കാശ്മീർ ഫയൽസിന് പിറകേ തന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ദി ഡൽഹി ഫയൽസ് എന്ന അടുത്ത ചിത്രത്തെ പറ്റി മുന്പ് തന്നെ അദ്ദേഹം സൂചനകൾ നൽകിയിരുന്നു. കാശ്മീർ ഫയൽസിനെ ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ പദ്ധതിയെ പറ്റിയുള്ള പോസ്റ്റ്.
കഴിഞ്ഞ നാലു വർഷം തങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും കഠിനാധ്വാനം ചെയ്തു. കാശ്മീർ ഹിന്ദുക്കൾ അനുഭവിച്ച യാതനകളെ പറ്റി മറ്റുള്ളർ ബോധവാന്മാരാവേണ്ടത് പ്രധാനമായിരുന്നു. കാശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവർക്കും നന്ദി. ദി ഡൽഹി ഫയൽസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പണിയിലാണ് ഇപ്പോഴെന്നാണ് വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകൾ എന്ന ആശയത്തിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. സത്യത്തിനുള്ള അവകാശം എന്ന ടാഗ് ലൈനിൽ വന്ന ദി തഷ്കെന്ത് ഫയൽസ്, നീതിക്കുള്ള അവകാശം എന്ന വിശേഷണത്തോടെ അടുത്തിടെ പുറത്തിറങ്ങിയ ദി കാശ്മീർ ഫയൽസ് എന്നിവയാണ് ആദ്യത്തെ രണ്ട് ചിത്രങ്ങൾ. ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ദി ഡൽഹി ഫയൽസ് തയ്യാറാകുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ വർഷം തന്നെ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു.
Few years back, I started telling untold stories of independent India.
— Vivek Ranjan Agnihotri (@vivekagnihotri) September 13, 2021
1. #TheTashkentFiles - Right To Truth.
2. #TheKashmirFiles - Right To Justice (releasing soon)
Happy to announce the last & the boldest of the trilogy:
3. #TheDelhiFiles - Right To Life.
Pl bless us. pic.twitter.com/gBJtX4ilZR
വളരെയധികം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പാത്രമാവേണ്ടി വന്നെങ്കിലും ദ കാശ്മീർ ഫയൽസ് ആഗോള ബോക്‌സോഫീസിൽ 250 കോടി കളക്ഷനാണ് നേടിയത്. 1990ലെ കാശ്മീർ കലാപ കാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കി മാർച്ച് 11 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അക്കാലത്ത് കാശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രബൊർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.