subair

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ബി ജെ പിക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്നും ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്നും ബി ജെ പി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബി ജെ പിയുടെ മേൽ കെട്ടിവയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹരിദാസ് പറഞ്ഞു. നാട്ടിൽ കലാപമുണ്ടാക്കാനാണ് എസ് ഡി പി ഐയുടെ ശ്രമമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഉത്തരവാദിത്തം ബി ജെ പിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.

അതേസമയം സുബൈറിനെ ഇടിച്ചിടാൻ ഉപയോഗിച്ച കാർ മുമ്പ് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. കെ എൽ 11 എ ആർ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടുന്നതിന് വേണ്ടി ഉപയോഗിച്ചത്. ഈ നമ്പറിലുള്ള വാഹനം മുമ്പ് സമാന രീതിയിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പിതാവിന്റെ മുന്നിൽ വച്ചാണ് അക്രമി സംഘം സുബെെറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. രണ്ട് കാറുകളിലാണ് അക്രമികൾ എത്തിയത്. ഇതിൽ കെ.എൽ 11 എ.ആ‌ർ 641 എന്ന നമ്പറിലുള്ള കാറാണ് സുബെെർ സഞ്ചരിച്ച ബെെക്കിനെ ഇടിച്ചിട്ടത്. ഈ കാർ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച ശേഷം മറ്റൊന്നിലാണ് സംഘം രക്ഷപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സുബെെറിനെ ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.