gokulam-kerala

കൊൽക്കത്ത: തോൽവിയറിയറിയാതെ ഐ ലീഗിലെ പതിനൊന്നാം മത്സരത്തിനിറങ്ങിയ ഗോകുലം പതിവ് തെറ്റിച്ചില്ല. സുദേവ ഡൽഹി എഫ് സി യെ 4 -0ന് തകർത്ത് വീണ്ടും പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തിയ ഗോകുലം 11 കളികളിൽ നിന്ന് 27 പോയിന്റോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാർ കൂടിയായ ഗോകുലം കളിയുടെ സകല മേഖലകളിലും നിറഞ്ഞുനിൽക്കുന്ന പ്രകടനമായിരുന്നു സുദേവ എഫ് സിയ്ക്കെതിരെ പുറത്തെടുത്തത്.

17 ആം മിനിറ്റിൽ ലൂക്ക നേടിയ ആദ്യഗോളിന് മൂന്നു ഡൽഹി താരങ്ങളെ മറികടന്ന് വഴിയൊരുക്കിയത് മലയാളി താരം ജിതിൻ എം എസ് ആണ്. ജിതിന്റെ നിരവധി ഒറ്റയാൾ പ്രകടനങ്ങൾ കണ്ട മത്സരത്തിൽ 27ാം മിനിട്ടിൽ രണ്ടാമത്തെ ഗോളിന് അവസരമൊരുക്കിയതും ജിതിനായിരുന്നു, ഉവൈസിന്റെ പാസിൽ സമാൻ ലക്ഷ്യം കണ്ടതോടെ സുദേവക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാതെ ഗോകുലം കളി പിടിച്ചെടുത്തിരുന്നു.

രണ്ടാം പകുതിയിൽ ഏറിയും കുറഞ്ഞും പലപ്പോളായി ചിലമിന്നലാട്ടങ്ങൾ കാണിച്ചതൊഴിച്ചാൽ കളിയിലും കണക്കിലും സുദേവ ഡൽഹി ഗോകുലത്തിന് ഒരുതരത്തിലും വെല്ലുവിളി ഉയർത്തിയില്ല. 61 ആം മിനിറ്റിൽ ബോക്സിന് അകത്തു നിന്ന് വസീം നൽകിയ പാസ്സാണ് ലൂക്ക ഗോൾ ആക്കിയത്. 87 ആം ഗ്രൗണ്ടിന്റെ മദ്ധ്യത്തിൽ നിന്നും ഒരു പവർഫുൾ കിക്കിലൂടെ ലൂക്ക തന്നെ നാലാമത്തെ ഗോളും സ്കോർ ചെയ്തു.