kswift

തിരുവനന്തപുരം: കെ സ്വിഫ്‌റ്റ് ബസുകളുടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണം കരാർ അടിസ്ഥാനത്തിൽ നി‌യമിച്ച ജീവനക്കാരുടെ പരിചയമില്ലായ്മയെന്ന് കെ എസ് ആർ ടി സി എംപ്ളോയിസ് യൂണിയൻ. പരിചയമില്ലാത്ത കരാർ ജീവനക്കാർക്കു പകരം എന്തുകൊണ്ട് കെ എസ് ആർ ടി സി ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്നും യൂണിയൻ നേതാക്കൾ ചോദിച്ചു.

കെ സ്വിഫ്‌റ്റിലെ നിലവിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദികളാണെന്നും തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ അന്വേഷണം വേണമെന്നും യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. എം ഡിയെ മാറ്രിയത് കൊണ്ട് ജീവനക്കാർക്ക് നേരത്തെ ശമ്പളം കിട്ടണമെന്നില്ലെന്നും മാനേജ്മെന്റിന്റെ നയമാണ് മാറേണ്ടതെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച റീസ്ട്രക്ച്ചർ പദ്ധതി നടപ്പിലാക്കുന്നതിൽ കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും നേതാക്കൾ ആരോപിച്ചു.

അതേസമയം താമരശ്ശേരി ചുരത്തിൽ വച്ച് കെ- സ്വിഫ്‌റ്റ ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് ചുരത്തിന്റെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്‌റ്റ് ബസും താമരശേരി ചുരത്തിലെ ആറാം വളവിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു.