toilet

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിൽ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിൽ ആശയക്കുഴപ്പം. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ ഉപയോഗത്തിനായി നോക്കുമ്പോൾ ടോയ്ലെറ്റ് പൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. എന്നാൽ ടോയ്‌ലെറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണ് പരാതി.

ആവശ്യമുള്ളവർ സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ നിന്ന് ടോയ്‌ലെറ്റിന്റെ താക്കോൽ വാങ്ങി ഉപയോഗം കഴിഞ്ഞ് തിരികെ ഏൽപ്പിക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പ് നൽകുന്ന ബോർഡോ മറ്റോ സ്ഥാപിക്കാത്തതുമൂലം ജനങ്ങൾ ടോയ്‌ലെറ്റ് പ്രവർത്തന രഹിതമാണെന്ന് വിചാരിച്ച് മടങ്ങുകയാണ് പതിവ്.

ശുചീകരണവിഭാഗം ഇടയ്ക്ക് ടോയ്‌ലെറ്റ് വൃത്തിയാക്കുന്നുണ്ട്. മുഴുവൻ സമയം ടോയ്‌ലെറ്റ് തുറന്നിട്ടാൽ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. വരുമാനം കുറഞ്ഞ കാരണത്താൽ കരാറെടുത്തയാൾ കൊവിഡിന്റെ തുടക്കത്തിൽത്തന്നെ കരാർ ഉപേക്ഷിച്ചിട്ട് പോയി. പുതിയ കരാറുകാർ ഒന്നും വരാത്തതാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്താൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്ന റെയിൽവേ സ്റ്റേഷനിൽ ടോയ്‌ലെറ്റ് സംവിധാനമില്ലാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.