subair-murder

പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം സംഘാംഗങ്ങൾ രക്ഷപ്പെട്ട വാഹനമെന്നു കരുതുന്ന കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ചനിലയിലാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നെന്നാണ് നിഗമനം.

അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ കൊലപാതകത്തിൽ അഞ്ച് പേർ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ല.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 5 സിഐമാരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു.

ആർഎസ്എസിന് സുബൈറിനോട് ശത്രുതയുണ്ടെന്ന് സുബൈറിന്റെ പിതാവ് അബൂബക്കർ അന്വേഷണ സംഘത്തിന് മൊഴി നൽകി. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്.

സുബൈറിന്റെ പോസ്‌റ്റ്മോർട്ടം നടപടികൾ രാവിലെ പത്ത് മണിയോടെ ആരംഭിക്കും. വൈകിട്ട് എലപ്പള്ളിയിലാണ് കബറടക്കം.