
പാലക്കാട്: എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലയാളികൾ സഞ്ചരിച്ച കാർ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതെന്ന് സ്ഥിരീകരിച്ചത് അമ്മ സുനിത. മകൻ കൊല്ലപ്പെടുന്നതിന് ഒന്നരമാസം മുൻപ് കാർ വർക്‌ഷോപ്പിൽ കൊടുത്തിരുന്നെന്ന് അവർ വ്യക്തമാക്കി.
'കാറിന്റെ കേടുപാടുകൾ തീർക്കാൻ വലിയ തുക വേണമെന്ന് മകൻ പറഞ്ഞിരുന്നു. കാർ ഏത് വർക്‌ഷോപ്പിലാണ് കൊടുത്തതെന്നോ, പിന്നെ എന്ത് സംഭവിച്ചെന്നോ അറിയില്ല. കൊലയാളികൾ ഈ കാറിലാണ് സഞ്ചരിച്ചതെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.'- സുനിത ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കെ എൽ 11 എ ആർ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടുന്നതിന് വേണ്ടി അക്രമികൾ ഉപയോഗിച്ചത്. മുമ്പ് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണ് ഈ കാറെന്ന് പൊലീസ് പറഞ്ഞു.
രണ്ട് കാറുകളിലാണ് അക്രമി സംഘം എത്തിയത്. ഇതിൽ കെ.എൽ 11 എ.ആർ 641 എന്ന നമ്പറിലുള്ള കാർ സുബൈറിനെ ഇടിച്ചിട്ട ശേഷം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു കാറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുബെെറിനെ ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.