
ബീജിംഗ്: ലോകാരാജ്യങ്ങളിൽ മുന്നിലെത്താൻ ചൈന നടത്തുന്ന പല പദ്ധതികളും ദിവസവും വാർത്തയാകാറുണ്ട്. എന്നാലിപ്പോൾ ലോകത്ത് മാത്രമല്ല ഭൂമിക്ക് പുറത്തും ഒന്നാമതെത്താൻ വിവിധ പദ്ധതികളും വഴികളും നോക്കുകയാണ് ചൈന. ഭൂമിക്കുപുറത്ത് മറ്റ് ക്ഷീരപഥങ്ങളിൽ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താനാണ് ചൈനയുടെ ശ്രമം.
സൂര്യനെപോലെ ഒരു നക്ഷത്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ആ നക്ഷത്രത്തിന് വളരെ അടുത്തോ ഏറെ അകലെയോ അല്ലാത്ത ജീവന് നിലനിൽക്കാൻ സാദ്ധ്യതയുളളതിന് തുല്യമായ ഗ്രഹമാണ് ചൈനീസ് ശാസ്‌ത്ര ഗവേഷകർ തേടുന്നത്. നിലവിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും റോബോട്ടുകളെ അയക്കാനും സ്വന്തം സ്‌പേസ് സ്‌റ്റേഷൻ നിർമ്മിക്കാനുമുളള ചൈനയുടെ പദ്ധതിയ്‌ക്ക് പിന്നാലെയാണ് ഈ പുതിയ ആലോചന.
പുതിയ ഗ്രഹത്തെ കണ്ടെത്താനുളള ചൈനയുടെ സമഗ്രമായ പദ്ധതി വൈകാതെ ശാസ്‌ത്രജ്ഞർ പുറത്തുവിടും. ഭൂമി 2.0 എന്നാണ് ഇതിന് ഇവർ നൽകുന്ന പേര്. വെളളത്തിനും ജീവൻ നിലനിൽക്കാനുമുളള സാദ്ധ്യതയാണ് ഗവേഷകർ ഭൂമി 2.0യിൽ തേടുന്നത്.
2018ൽ പ്രവർത്തനം നിലച്ച നാസയുടെ കെപ്ളർ ടെലസ്‌കോപ് 5000ത്തോളം ഗ്രഹങ്ങളെ കണ്ടെത്തി. എന്നാൽ ഇവയൊന്നും ഭൂമി 2.0യ്‌ക്ക് വേണ്ട സാഹചര്യം നിലവിലുളളത് ആയിരുന്നില്ല. ചൈനീസ് അക്കാഡമി ഓഫ് സയൻസസ് പണം മുടക്കുന്ന പദ്ധതിയിൽ നാല് വർഷത്തിനകം ഏഴ് ടെലിസ്‌കോപുകൾ അയക്കാനാണ് പദ്ധതി. നാസയുടെ കെപ്ളറെക്കാൾ ചെറുതാണെങ്കിലും കെപ്ളറിനെക്കാൾ വ്യക്തമായി കാണാവുന്നതാണ് പുതിയ ടെലസ്‌കോപ്പുകൾ.
കെപ്ളറിനെക്കാൾ 10 മുതൽ 15 മടങ്ങ് കൃത്യതയാർന്നതാകും ടെലസ്‌കോപ്പുകളെന്നാണ് ചൈനയുടെ വാദം. നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെക്കാൾ തിളക്കമുളളതിനാൽ ഈ തിളക്കം ഉപയോഗിച്ച് ഇവയെ തിരിച്ചറിയാനാണ് ടെലസ്‌കോപ്പുകൾ ഉപയോഗിക്കുന്നത്. 2026ന് മുൻപ് ഈ ടെലസ്‌കോപുകൾ അടങ്ങിയ ബഹിരാകാശ വാഹനം വിക്ഷേപിക്കാനാകുമെന്നാണ് ചൈനീസ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. വൈകാതെതന്നെ ഭൂമി പോലെയുളള ഗ്രഹവും കണ്ടെത്താനാകുമെന്നും ഇവർ കരുതുന്നു.