ashok-madhu

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി അശോകിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. എത്ര സുരക്ഷയ്ക്കുള്ളിൽ ഇരുന്നാലും ചെയർമാന്റെ വീട്ടിൽ കയറി മറുപടി പറയാൻ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു.

ജനങ്ങളിറങ്ങിയാൽ അശോകിന് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന വനിതകളെയും ട്രേഡ് യൂണിയൻ നേതാക്കളെയും പരിഹസിക്കുകയാണെങ്കിൽ ചുട്ട മറുപടി പറയാൻ അറിയാമെന്നും മധു വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗോശാലയിൽ ചെയർമാനായി ഇരിക്കേണ്ട ആളാണ് അശോക്. നല്ല കാളകൾക്ക് നല്ല ഡിമാന്റാണെന്നും മധു പരിഹസിച്ചു. ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍. ഈ മാസം 19 ന് വൈദ്യുതി ഭവന്‍ ഇവർ ഉപരോധിക്കും.

നേരത്തെ സമരം നടത്തിയ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഇവരെ ചെയർമാൻ സ്ഥലം മാറ്റിയിരുന്നു. ചെയർമാന് വൈദ്യുതിമന്ത്രിയുടെ പരിപൂർണ്ണ പിന്തുണയുമുണ്ട്. സിപിഎം മുഖേന പ്രശ്ന പരിഹാരത്തിനായി അസോസിയേഷൻ ശ്രമിച്ചെങ്കിലും ഔദ്യോഗിക ചർച്ചയ്‌ക്കില്ലെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.