gun

താനെ: ഭർതൃപിതാവിന്റെ വെടിയേറ്റ് യുവതിയ്ക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ താനെയിൽ വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മറ്റ് കുടുംബാംഗങ്ങൾ ചേർന്നാണ് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്.

അപകടദിവസം രാവിലെ ചായയോടൊപ്പം മരുമകൾ പ്രഭാതഭക്ഷണം നൽകിയിരുന്നില്ല, ഇതിൽ പ്രകോപിതനായാണ് പ്രതി സ്ത്രീക്ക് നേരെ വെടിയുതിർത്തത് എന്ന് പൊലീസ് പറഞ്ഞു. അടിവയറ്റിൽ വെടിയേറ്റ 42കാരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സംഭവത്തിൽ സ്ത്രീയുടെ ഭർതൃപിതാവായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീലി(76)നെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.