
പാലക്കാട്: ആർ എസ് എസ് നേതാവിനെ പാലക്കാട് വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. രണ്ട് ബെെക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേർ എത്തിയാണ് ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കടയിൽ കയറിയാണ് വെട്ടിയത്.
മൂന്നുപേർ വാഹനത്തിലിരുന്നപ്പോൾ പിന്നിലിരുന്ന മൂന്നുപേരാണ് കടയിൽ കയറി വെട്ടിയത്. ശ്രീനിവാസന്റെ തലയ്ക്കും കെെകാലുകൾക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.

സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം, എഡിജിപി പാലക്കാട്ടേയ്ക്ക്
സംഘർഷാവസ്ഥ കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്യും. എഡിജിപി വിജയ് സാഖറെ പാലക്കാട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. എറണാകുളം റൂറലിൽ നിന്ന് ഒരു കമ്പനി സേന പാലക്കാട് എത്തും.
അതേസമയം പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. അക്രമികളെ തടയാൻ പൊലീസ് ഒന്നും ചെയ്‌തില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു.
പാലക്കാടിനെ ഭീതിയിലാഴ്ത്തിയ കൊലപാതകങ്ങൾ
കഴിഞ്ഞ ദിവസം പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനായ സുബെെർ കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തുടരെത്തുടരെയുള്ള കൊലപാതകങ്ങൾ ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
സുബെെറിന്റെ കൊലയ്ക്കു പിന്നിൽ ആർഎസ്‌എസ് ആണെന്നായിരുന്നു എസ്‌ഡിപിഐ യുടെ ആരോപണം. സുബെെറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിലും പറഞ്ഞിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ കൊലപാതകത്തിൽ അഞ്ച് പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആർഎസ്എസിന് സുബൈറിനോട് ശത്രുതയുണ്ടെന്ന് സുബൈറിന്റെ പിതാവ് അബൂബക്കർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ള കാറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.