
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ട്രെയിലർ ഇന്ന് റിലീസാകും. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്.
വെെകുന്നേരം 6.30 ന് ട്രെയിലർ റിലീസാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രം ഈ വർഷം തന്നെ റിലീസിനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കിയ പാപ്പൻ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ആശ ശരത്ത്, കനിഹ, നീത പിള്ള, നൈല ഉഷ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്യാം ശശിധരന്‍. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.