
ഒരു വീട്ടിൽ കുറഞ്ഞത് ഒരു വളർത്തുമൃഗം. അത് പൂച്ചയോ, നായയോ, മുയലോ എന്തുമായിക്കൊള്ളട്ടെ. ഇതില്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. വീട്ടിലെ ജോലികൾ, ഓഫീസ് ജോലികൾ എല്ലാം കഴിഞ്ഞ് വളർത്തുമൃഗങ്ങളെ ഓമനിക്കാൻ സമയം കണ്ടെത്തുന്നവരാണ് അധികവും.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുമുണ്ട്. മഹാമാരിയുടെ കാലത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സമയങ്ങളിൽ വളരെ കരുതലോടെ നമ്മൾ മൃഗങ്ങളെ പരിപാലിച്ചതും യുക്രെയിനിലെ യുദ്ധസാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി തന്റെ അരുമ മൃഗത്തെ തന്നോടൊപ്പം കൊണ്ടുവരാനെടുത്ത ത്യാഗത്തിന്റെ കഥകളും നമ്മൾ കണ്ടറിഞ്ഞതാണ്. അങ്ങനെ മൃഗസ്നേഹികളായ മനുഷ്യരുടെ ഒരു പാട് കഥകൾ നമ്മുടെ ചുറ്റിലുമുണ്ട്.
മനുഷ്യൻ പക്ഷിമൃഗാദികളെ ഇണക്കി വളർത്താൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. മനുഷ്യന് നായയുമായുള്ള സഹവാസത്തിന് ഏതാണ്ട് 15,000 വർഷത്തെയും പൂച്ചയുമായുള്ള ബന്ധത്തിന് 5000ത്തിലധികം വർഷത്തെയും പാരമ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. ജീവനോപാധി, വിനോദം, കൗതുകം, വിജ്ഞാനം, കാവൽ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കാണ് മൃഗപരിപാലനം മനുഷ്യജീവിതത്തിന്റെ ഭാഗമായത്. നായ, പൂച്ച, ഗിനിപ്പന്നി, ആമ, പശു, കോഴി, ആട്, മുയൽ, മീൻ, വിവിധയിനം പക്ഷികൾ എന്നിവ ഓമനമൃഗങ്ങളുടെ ഗണത്തിൽപ്പെടുന്നവയാണ്.
വർത്തമാനകാലത്ത് ഓമനമൃഗങ്ങളുടെ പരിപാലനമെന്നത് കേവലം വിനോദത്തിനും കൗതുകത്തിനുമപ്പുറം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീകങ്ങൾ കൂടിയാണ്. അണുകുടുംബങ്ങളിലെ അവഗണിക്കാനാവാത്ത ആത്മമിത്രമാണ് നായയും പൂച്ചയുമൊക്കെ. അതുകൊണ്ടുതന്നെ അവയുടെ ആഹാര- ആരോഗ്യ പ്രശ്നങ്ങൾക്കും മുന്തിയ പരിഗണനയുണ്ട്.
അത്തരമൊരു സന്ദർഭത്തിലാണ് സ്വകാര്യമേഖലയിലെ വെറ്റിനറി ആശുപത്രികൾ പ്രസക്തമാകുന്നത്. മനുഷ്യരിലെന്നപോലെ ഏത് സമയത്തും ചികിത്സയും പരിചരണവും ആവശ്യമാകുന്നതുകൊണ്ട് സാധാരണ ആശുപത്രി എന്നതിനപ്പുറം 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗങ്ങളോടുകൂടിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ ആവശ്യകതയിലേക്കാണ് കാലം വിരൽചൂണ്ടുന്നത്.
ഇത്തരമൊരു സാഹചര്യം വളരെമുമ്പേ വിലയിരുത്തിയാണ് ഇന്ത്യൻ ആർമിയിൽ മേജർ ആയിരുന്ന ഡോ.അനീഷ് ആന്റണി, എറണാകുളം പെറ്റ് ഹോസ്പിറ്റൽ എന്ന പേരിൽ വളർത്തുമൃഗങ്ങൾക്കുമാത്രമായി ഒരു മൾട്ടിസ്പെഷ്യാലിറ്റി സൗകര്യമൊരുക്കിയത്. 2012 ൽ എളമക്കരയിൽ തുടക്കമിട്ട് പിന്നീട് ആധുനിക സൗകര്യങ്ങളോടെ എറണാകുളം മാമംഗലത്തേക്ക് മാറി. 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ ഒൻപത് ഡോക്ടർമാരും നഴ്സിങ്ങ്, ഗ്രൂമിങ്ങ് പരിശീലനം ലഭിച്ച 30 ജീവനക്കാരുമുണ്ട്. സാധാരണരോഗങ്ങൾക്ക് ഒ.പിയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഐ.പി യും ഐ.സി.യു ഉൾപ്പെടെ ആധുനിക ചികിത്സാ സൗകര്യങ്ങളുമുണ്ട്.
ഫുൾ ഫ്ലഡ്ജ്ഡ് ഓപ്പറേഷൻ തിയേറ്റർ, കംപ്യൂട്ടറൈസ്ഡ് ഓട്ടോമേറ്റഡ് ലബോറട്ടറി, മൈക്രോ ബയോളജി ലാബ്, എക്സറേ, അൾട്രാ സൗണ്ട് സ്കാനിംഗ്, എക്കോ കാർഡിയോഗ്രഫി, കണ്ണുകൾക്ക് മാത്രമായുള്ള ഒപ്താൽമോളജി വിഭാഗം, ഓർത്തോപീഡിക്, ഡെർമറ്റോളജി, ഗൈനക്കോളജി വിഭാഗങ്ങൾ എന്നിവ ആശുപത്രിയുടെ ഭാഗമായുണ്ട്. കൂടാതെ, അരുമകളെ അണിയിച്ചൊരുക്കാൻ സുസജ്ജമായ ഗ്രൂമിങ്ങ് പാർലർ ആൻഡ് സ്പാ എറണാകുളം പെറ്റ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ സവിശേഷതകളിലൊന്നാണ്.
വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ മരുന്നുകളും ഒരുകുടക്കീഴിൽ ലഭ്യമാക്കാൻ വിശാലമായ ഫാർമസി, കളിപ്പാട്ടം മുതൽ ഉടയാടകളും പോഷകാഹാരവുമുൾപ്പടെ വിശാലമായ പെറ്റ് ഷോപ്പ്, ന്യൂട്രീഷ്യൻസ് സപ്പോർട്ട്, രോഗപ്രതിരോധ ചികിത്സ, ബോർഡിങ്ങ് തുടങ്ങിയ അനുബന്ധസേവനങ്ങളും ആശുപത്രിയിലുണ്ട്. നായക്കും പൂച്ചയ്ക്കുമൊക്കെ എന്തിനാണ് ഇത്രയേറെ ആധുനിക ചികിത്സാ സൗകര്യങ്ങൾ എന്ന് ചിന്തിക്കുന്നവർ ഇക്കാലത്ത് വിരളമായിരിക്കും. കാരണം, വളർത്തുമൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്നതുകൊണ്ടും ഒരു കുടുംബാംഗമായി കാണുന്നതുകൊണ്ടും തന്നെ അവയുടെ ദൈനംദിന ആരോഗ്യപ്രശ്നങ്ങൾ മനുഷ്യർക്കും വേദനയുളവാക്കുന്നതാണ്.
പലരോഗങ്ങളും നായ്ക്കളിൽ മാത്രം കാണുന്നവയാണെങ്കിലും അതിൽ ചിലത് മനുഷ്യരിലേക്കും പടർന്നുപിടിക്കാറുണ്ട്. ഉദാഹരണത്തിന് പേവിഷബാധ. പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ പേവിഷബാധ തടയാൻ കഴിയൂ. നായ്ക്കൾക്ക് വരുന്ന മറ്റു രണ്ട് മാരകരോഗങ്ങളാണ് പാർവൊ, ഡിസ്റ്റംബർ എന്നിവ. ഇവയ്ക്കും പൂച്ചകളിലെ മാരക രോഗങ്ങൾക്കും മറ്റും ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പ് നിലവിലുണ്ട്. ഇവ കൂടാതെ പരമ്പരാഗതമായി വരുന്ന രോഗങ്ങളും കാണാറുണ്ട്. കൂടാതെ മനുഷ്യരിൽ കാണപ്പെടുന്നത് പോലെ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കാൻസർ മുതലായവയും വിരബാധ, ത്വക്ക് രോഗങ്ങൾ, അലർജി എന്നിവ നായ്ക്കളിലും മറ്റ് വളർത്തുമൃഗങ്ങളിലും കൂടുതലായി കാണപ്പെടാറുണ്ട്.
നായ, പൂച്ച എന്നിവയുടെ ബീജസങ്കലനം മുതൽ പ്രസവംവരെയുള്ള കാര്യങ്ങളിൽ ആധുനിക ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ട്. തുടർച്ചയായ ഗർഭധാരണവും പ്രസവവും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയ പോലെ നായ്ക്കളുടെ വന്ധ്യത പരിഹരിക്കുന്നതിനുള്ള ചികിത്സയ്ക്കും ഇന്ന് വലിയ പ്രാധാന്യമുണ്ട്. അത്തരം സേവനങ്ങളും എറണാകുളം പെറ്റ് ഹോസ്പിറ്റലിൽ ലഭ്യമാണ്.
അരുമ മൃഗങ്ങളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസം കണ്ടാൽ അത് ആരോഗ്യക്കുറവിന്റെയോ അസുഖത്തിന്റെയോ സൂചനയായി കരുതാം. ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസമോ രോമം പൊഴിയലോ പലപ്പോഴും ആരോഗ്യക്കുറവിന്റെ ലക്ഷണങ്ങളാണ്. കണ്ണുകൾ വിളറുക, വയറു വീർക്കുക, വേച്ചുപോകുക തുടങ്ങിയ അവസ്ഥകളുണ്ടെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന് മനസിലാക്കാം. അപകടമുണ്ടാവുക, വിഷബാധയേൽക്കുക, പൊള്ളലേൽക്കുക എന്നീ അത്യാഹിത സാഹചര്യങ്ങളിൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. അതുപോലെതന്നെ വിദേശപക്ഷികൾ, ആമ, ഗിനിപ്പന്നി, വെള്ളെലി എന്നിവയ്ക്കെല്ലാം കൃത്യമായ ആരോഗ്യപരിപാലനവും ചികിത്സയും ആശുപത്രിയിൽ ലഭ്യമാണ്.
പാലാരിവട്ടം മെയിൻ റോഡിൽ മാമംഗലത്ത് മെട്രോപില്ലർ 498ന് അഭിമുഖമായാണ് എറണാകുളം പെറ്റ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തിക്കുന്നത്. ഇന്ത്യൻ ആർമിയിൽ ഡോഗ് സ്ക്വാഡിൽ മേജർ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ഡോ.അനീഷ് ആന്റണിയാണ് ആശുപത്രിയുടെ ഡയറക്ടർ. സൈന്യത്തിലെ സേവനത്തിന് ശേഷം സംസ്ഥാന മൃഗസംരക്ഷണവകുപ്പിലും അനീഷ് ജോലി ചെയ്തിട്ടുണ്ട്. 2012 ൽ തുടക്കമിട്ട് പിന്നീട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ എറണാകുളം പെറ്റ് ഹോസ്പിറ്റൽ ഇന്ന് ഏറെ പ്രസിദ്ധമാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഓമനമൃഗങ്ങളുടെ വിദഗ്ധ ചികിത്സ, പരിശീലനം, കൗൺസലിംഗ് തുടങ്ങിയ സേവനങ്ങൾക്ക് നിരവധി ആളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.
ഡേ കെയർ, ബോർഡിംഗ് ഉൾപ്പെടെയുള്ള കൂടുതൽ സേവനങ്ങൾ താമസിയാതെ ഉൾപ്പെടുത്തുമെന്ന് ഡോ. അനീഷ് പറഞ്ഞു.