
അരുമ മൃഗപരിപാലന രംഗത്ത് സംസ്ഥാനത്തെ ആദ്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി, കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ ഒരുവ്യാഴവട്ടം പൂർത്തിയാക്കുകയാണ്. സർക്കാർ സർവീസിൽ നിന്ന് രാജിവച്ച സീനിയർ വെറ്റിനറി സർജൻ ഡോ. കെ. സൂരജാണ് 2010ൽ അരുമകൾക്കുമാത്രമായി സ്വകാര്യമേഖലയിൽ ഇത്തരമൊരു നൂതനസംരംഭത്തിന് തുടക്കമിട്ടത്.
സമീപഭാവിയിൽ നായ്ക്കളും പൂച്ചയുമൊക്കെ സാധാരണക്കാരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറുമെന്നും അതോടെ അരുമകൾക്കുമാത്രമായി ആധുനിക ചികിത്സാസംവിധാനങ്ങളുടെ ആവശ്യകത വർദ്ധിക്കുമെന്നുമുള്ള ഡോ.സൂരജിന്റെ ദീർഘവീക്ഷണമായിരുന്നു കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ. ഇന്ന് കൊച്ചി നഗരത്തിന് പുറത്ത് തൃപ്പൂണിത്തുറയിലും വടക്കൻപറവൂരിലും ആശുപത്രിക്ക് ശാഖകളുണ്ട്. സ്പെഷ്യലിസ്റ്റുകളായ 10 ഡോക്ടർമാർ ഉൾപ്പെടെ 80 ജീവനക്കാരാണ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നത്.
പനി, തുമ്മൽ, ചുമ തുടങ്ങിയ സാധാരണ വൈറസ് രോഗങ്ങൾക്കുള്ള ഒ.പി. ക്ലീനിക്ക് മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, കിടത്തി ചികിത്സിക്കാൻ ഐ.സി.യു സംവിധാനമുള്ള ഐ.പി ബ്ലോക്ക്, ഫുൾ ഫ്ലഡ്ജഡ് ഓപ്പറേഷൻ തീയറ്റർ, ഫുളി ഓട്ടോമാറ്റിക് ലബോറട്ടറി, മൈക്രോ ബയോളജി ലാബ്, തിമിര ചികിത്സ- ശസ്ത്രക്രീയ വിഭാഗം, ആംബുലൻസ് സേവനം, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഗൈനക്കോളജി, ഒപ്താൽമോളജി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി വിഭാഗങ്ങൾ, നവജാതർക്കുള്ള ഐ.സി.യു, ഡിജിറ്റൽ എക്സറേ, സി- എം ലൈവ് വീഡിയോ എക്സറേ, സ്കാനിങ്ങ്, ഇ.സി.ജി, എക്കോ ടെസ്റ്റ്, ഹീമോ ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, രക്തദാനം, കൃത്രിമ ബീജസങ്കലനം, വന്ധ്യതാചികിത്സ, ലാപ്രോസ്കോപിക് (കീ ഹോൾ) സർജറി തുടങ്ങി എല്ലാവിധ ആധുനിക ചികിത്സാ സംവിധാനങ്ങളും ഓമനമൃഗങ്ങൾക്ക് മാത്രമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്ക് പുറമെ നായകൾക്ക് വിദഗ്ദ്ധപരിശീലനം, ഹെയർകട്ടിംഗ്, വാഷിങ്ങ് തുടങ്ങിയ സേവനങ്ങൾക്ക് ഗ്രൂമിങ്ങ് ആൻഡ് ബ്യൂട്ടിപാർലർ, ബോർഡിംഗ്, ഷോർട്ട് സ്റ്റേ തുടങ്ങിയ അനുബന്ധസേവനങ്ങളും കൊച്ചിൻ പെറ്റ് ഹോസ്പിറ്റലിൽ ലഭ്യമാണ്.
12 വർഷം മുമ്പ് ആശുപത്രി തുടങ്ങുമ്പോൾ പലരും അത്ഭുതം കൂറിയിട്ടുണ്ട്. മൃഗങ്ങൾക്കുവേണ്ടി ഇത്തരം വിപുലമായ ആശുപത്രി ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുണ്ട്. എന്നാൽ ഈ രംഗത്ത് പിന്നീടുണ്ടായ മാറ്റം വിവരണാധീതമാണ്. പരിമിതമായ സൗകര്യങ്ങളുള്ള ഫ്ലാറ്റിൽപോലും ഓരോവീടിനും ഒരു നായ, അല്ലെങ്കിൽ പൂച്ച സാധരണമായി കഴിഞ്ഞു. മുറ്റവും അനുബന്ധ സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിൽ നായയും പൂച്ചയും മാത്രമല്ല മുന്തിയ ഇനം വിദേശപക്ഷികലും അലങ്കാരപ്പക്ഷികളും തുടങ്ങി ആമയും മുയലും ഗിനിയും തുടങ്ങി നിരവധി അരുമകളുണ്ട്.
2020 - 22 കാലത്ത് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാതൊരു മാന്ദ്യവും ബാധിച്ചില്ല എന്നുമാത്രമല്ല, അരുമ പരിപാലനം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പല കുടുംബങ്ങളിലും അരുമകൾ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. വൃദ്ധരായ മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ അവരുടെ ഏകാന്തതയും വിരഹവുമൊക്കെ ഇല്ലാതാക്കുന്നതിൽ അരുമകൾക്കും വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ അവയുടെ ആരോഗ്യപരിപാലനം മറ്റെന്തിനേക്കാളും പ്രധാനവുമാണ്.
അരുമപാലനം അറിയേണ്ട കാര്യങ്ങൾ
പെട്ടെന്നുള്ള കൗതുകത്തിന് ആരും അരുമകളെ വളർത്താൻ തുനിയരുത്. ഒരു നായ് കുട്ടിയെ അല്ലെങ്കിൽ പൂച്ചയെ ദത്ത് എടുക്കാൻ തീരുമാനിക്കുന്നിന് മുമ്പ് അടുത്ത 10- 15 വർഷം അതിനുവേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് സ്വയം പ്രതിജ്ഞചെയ്യണം. പട്ടിയായാലും പൂച്ചയായാലും കുറച്ചുനാൾ വളർത്തിയശേഷം തെരുവിൽ ഉപേക്ഷിക്കുന്നത് വലിയ സാമൂഹ്യവിപത്താണ്. അരുമപരിപാലനമെന്നത് ഒരർത്ഥത്തിൽ ദത്ത് എടുക്കൽതന്നെയാണ്. വിലകൊടുത്തിട്ടൊ സൗജന്യമായൊ കിട്ടുന്നതായിരിക്കാം. എന്നാലും അവയുടെ ജീവനും ജീവിതവും വിലപ്പെട്ടതാണ്.
ജൈവീകമായ എല്ലാ അവകാശങ്ങളും അവയ്ക്കുമുണ്ട്. മനുഷ്യർ ഇണക്കി വളർത്തുന്ന നായ, പൂച്ച, ഗിനി, ഇഗ്വാന, അലങ്കാരപക്ഷികൾ തുടങ്ങിയ ഓമനമൃഗങ്ങളൊന്നും പൊതുവേ അക്രമകാരികളല്ല. എന്നാൽ യജമാനന്മാരുടെ പെരുമാറ്റവും ശീലവുമാണ് പലപ്പോഴും മൃഗങ്ങളെ അക്രമകാരികളാക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്വഭാവരൂപീകരണം പോലെ പരമപ്രധാനമാണ് നായ്ക്കളുടെ പരിശീലനം. ചെറുപ്പത്തിൽ തന്നെ ശരിയായ പരിശീലനം ലഭിച്ചാൽ മരണംവരെ അവ അനുസരണയുള്ള കുട്ടിയായി വളരും.
വീടുകളിൽ വളർത്താൻ ആവശ്യമായ ഹൃസ്വകാലപരിശീലന കോഴ്സിന്റെ കാലാവധി ഒരുമാസമാണ്. 4 മുതൽ 6 മാസം വരെ പ്രായമുള്ള നായ് കുട്ടികൾക്കാണ് പരിശീലനം നല്കേണ്ടത്. ആദ്യത്തെ 15 ദിവസം പരിശീലകന്റെ മാത്രം ശിക്ഷണത്തിലും തുടർന്നുള്ള 15 ദിവസം ഉടമയോടൊപ്പമുള്ള പരിശീലനവുമാണ് നല്കുന്നത്.
അണിയിച്ചൊരുക്കാൻ പെറ്റ് ഷോപ്പ്
ഡോഗ്, ക്യാറ്റ് ഷോ പോലുള്ള പ്രത്യേക ചടങ്ങുകളിലേക്ക് അരുമകളെ അണിയിച്ചൊരുക്കാൻ ഗ്രൂമിങ്ങ്, ബ്യൂട്ടീഷൻ, കോസ്റ്റ്യൂം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ആശുപത്രിയുടെ ഭാഗമായി പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ഷോപ്പിൽ ടീ- ഷർട്ട്, റെയിൻകോട്ട്, ഷൂസ്, ചെയിൻ, കളിപ്പാട്ടങ്ങൾ, ന്യൂട്രീഷ്യൻസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഉടമസ്ഥർക്ക് അത്യാവശ്യ യാത്രകൾ വേണ്ടിവരുമ്പോൾ അരുമകളെ താൽക്കാലികമായി പാർപ്പിക്കുന്നതിന് എ.സി. നോൺ എ.സി. ബോർഡിംഗ്, ഷോർട്ട് സ്റ്റേ ഹോം സൗകര്യവുമുണ്ട്.