police

പാലക്കാട് ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ കൂടി സമൂഹത്തിൽ സ്‌പർദ്ധയും വിദ്വേഷവും വളർത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിവരം പൊലീസ് അറിയിച്ചത്.

പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഇത്തരം ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്‌മിൻമാരും നിരീക്ഷണത്തിലാണെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആർഎസ്‌എസ്, എസ്‌ഡിപിഐ പാർട്ടികളിലെ ഓരോരുത്തരുടെ ജീവനാണ് ആക്രമണങ്ങളിൽ പൊലിഞ്ഞത്. വെള‌ളിയാഴ്‌ച ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടത്. സംഭവത്തിന് 24 മണിക്കൂർ തികയും മുൻപാണ് പാലക്കാട് മേലാമുറിയിൽ വച്ച് ആർഎസ്‌എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ(45) കൊല്ലപ്പെട്ടത്.

എസ്‌ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാലുപേർ കസ്‌റ്റഡിയിലായി. ജിനീഷ്, സുദർശൻ, ഷൈജു, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. മുൻപ് എസ്‌ഡിപിഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതികളാണ് ഇവരിൽ രണ്ടുപേർ. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്തത് ആകെ ആറുപേരാണെന്ന് സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞു. മൂന്ന് വാഹനങ്ങളിലായെത്തിയവരിൽ മൂന്നുപേർ കൊലയിൽ പങ്കെടുത്തു. മറ്റുള‌ളവർ വാഹനങ്ങളുമായി തയ്യാറായി നിന്നതായുമാണ് ദൃശ്യങ്ങളിലുള‌ളത്.