kk

പാലക്കാട്: മേലാമുറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ കൊലയാളി സംഘം എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ മൂന്നുപേരാണ് കടയിലേക്ക് കയറിപ്പോയി കൊലപാതകം നടത്തിയത്. മറ്റു മൂന്നുപേർ ബൈക്കുകളിൽ കാത്തിരുന്നു. അതിവേഗം വെട്ടിവീഴ്‌ത്തിയ ശേഷം ബൈക്കുകളിൽ കയറി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ശ്രീനിവാസന്റെ എസ്.കെ.എസ്. ഓട്ടോസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ എതിര്‍വശത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുകളിലുള്ള സിസിടിവിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ആര്‍.എസ്.എസ്. നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് ഒരു സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മേലാമുറിയില്‍ ശ്രീനിവാസന്‍ നടത്തിയുരുന്ന എസ്.കെ.എസ്. ഓട്ടോസ് എന്ന ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍വെച്ചാണ് കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. എലപ്പുള്ളി പാറ സ്വദേശിയും എസ്.ഡി.പി.ഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു.