shafi-parambil

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ തകർക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പൊലീസിന്റെ ദയനീയ പരാജയം ആശങ്കയുണർത്തുന്നെന്ന് പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ. മഞ്ഞ കുറ്റിക്ക് കാവൽ നിൽക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്തവരായി പൊലീസ് മാറിയെന്നും നാടിന്റെ ശാപമായ ആർ എസ് എസും എസ് ഡി പി ഐയും ചേർന്ന് ഒരു ജനതയുടെ സ്വൈരജീവിതത്തെ തകർക്കുകയാണെന്നും ഷാഫി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പൊലീസ് മടിക്കുന്നെന്നും അവരറിയാതെ ഇതൊന്നും നടക്കില്ലെന്നും ഷാഫി ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്.
വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു.
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി.
ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല.
പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും
ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.