
ഒഡിഷ : നിലവിലെ ചാമ്പ്യൻ ടീം കളം നിറഞ്ഞപ്പോൾ ഇന്ത്യൻ വിമൻസ് ലീഗിലെ ആദ്യമത്സരത്തിൽ ഒഡിഷ പോലീസിനെതിരെ ഗോകുലം കേരളക്ക് 12 -0 ന്റെ തകർപ്പൻ ജയം. 17, 26, 33, 48, 73 മിനിറ്റുകളിൽ മനീഷ കല്യാൺ നേടിയ അഞ്ച് ഗോളുകളാണ് കളിയുടെ ഗതി നിർണയിച്ചത്. കളിയിലെ താരവും മനീഷ തന്നെ. 25ാം മിനിറ്റിൽ വിൻ തേൻങ്കിതുൻ, 37ാം മിനിറ്റിൽ ഗ്രേസ്, 61, 86 മിനിറ്റുകളിൽ എൽഷെഡ്ഡായി അച്ചെയാങ്‌പോ, 70 ആം മിനിറ്റിൽ രഞ്ജന ചാനു 77 ആം മിനിറ്റിൽ കരിഷ്മ എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. 47ാം മിനിറ്റിൽ ഒഡീഷ പൊലീസ് താരങ്ങളുടെ വകയായി ഒരു സെൽഫ് ഗോളും ഗോകുലത്തിന്റെ പട്ടികയിൽ ഇടംപിടിച്ചു.
കളിയിലുടനീളം അക്രമിച്ചു കളിച്ച ഗോകുലം എതിർ ടീമിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്, 75 ആം മിനിറ്റിൽ മാത്രമാണ് ഒഡിഷക്ക് ഗോകുലം ബോക്സിൽ പന്തുമായെത്താൻ കഴിഞ്ഞത്. ഓൺ ടാർഗെറ്റിലേക്ക് ഗോകുലം 29 ഷോട്ടുകൾ പായിച്ചപ്പോൾ ഒഡിഷക്ക് ഒരെണ്ണം പോലും അടിക്കാൻ പറ്റിയില്ല.
ഗോകുലം ടീമിലെ വയനാട് സ്വദേശി മഞ്ജു ബേബിക്കും വിദേശതാരങ്ങളായ വിൻതേൻങ്കിതുൻ, എൽഷെഡ്ഡായി അച്ചെയാങ്‌പോ, എന്നിവർക്കും ആദ്യമായി നാഷണൽ ലീഗിൽ കളിക്കാൻ അവസരം ലഭിച്ചു. ഏപ്രിൽ 19 ന് എസ് എസ് ബി വിമൻസ് സ്പോർട്സ് ക്ലബ്ബുമായിട്ടാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.