
ന്യൂഡൽഹി: യുക്രെയിനിൽ നിന്നും റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്തിൽ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്കും അനുമതി.
ഇന്ത്യയെ ഈജിപ്ത് ഗോതമ്പ് വിതരണത്തിന് അനുവദിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. റഷ്യ-യുക്രെയിൻ സംഘർഷം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഈജിപ്ത് തീരുമാനിച്ചത്. ഒരു ദശലക്ഷം ടൺ ഗോതമ്പാണ് ഇത്തരത്തിൽ ഇന്ത്യ ഈജിപ്തിൽ എത്തിക്കുക. യുക്രൈയിനും റഷ്യയുമാണ് ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരും.
റഷ്യയിൽനിന്ന് 1.8 ബില്യൺ ഡോളർ വില വരുന്ന ഗോതമ്പും യുക്രൈയിനിൽനിന്ന് 610.8 മില്യൺ ഡോളറിന്റെ ഗോതമ്പുമാണ് ഈജിപ്ത് 2020 ൽ ഇറക്കുമതി ചെയ്തത്.
ഗോതമ്പിൽ നേട്ടംകൊയ്ത് ഇന്ത്യ
രാജ്യത്ത് 2021-22 സാമ്പത്തിക വർഷത്തിലെ ഗോതമ്പ് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചു. 340.17 ദശലക്ഷം ഡോളറിൽ നിന്ന് 1.74 ബില്യൺ ഡോളറായാണ് കയറ്റുമതി വർദ്ധിച്ചത്. 2019-20ൽ ഗോതമ്പ് കയറ്റുമതി 61.84 മില്യൺ ഡോളറായിരുന്നു, ഇത് 2020-21ൽ 549.67 മില്യൺ ഡോളറായി ഉയർന്നു. അയൽ രാജ്യങ്ങളിലേക്ക് ആണ് പ്രധാനമായും ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്.
പ്രതിവർഷം ഇന്ത്യ ഏകദേശം 107.59 ദശലക്ഷം ടൺ ഗോതമ്പ് ഉത്പാദിപ്പിക്കുന്നു
ഇന്ത്യൻ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന ആദ്യ പത്ത് രാജ്യങ്ങൾ (2020-21)
ബംഗ്ലാദേശ്, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ശ്രീലങ്ക, യെമൻ, അഫ്ഗാനിസ്ഥാൻ, ഖത്തർ, ഇന്തോനേഷ്യ, ഒമാൻ, മലേഷ്യ
ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്