kk

മൂവാറ്റുപുഴ: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നേതാവും കേരള ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ രാജി വച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജി. രണ്ട് ബാങ്ക് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ. ജപ്തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാദത്തെ തുടർന്ന് നേരത്തേ ബാങ്ക് സി.ഇ.ഒയും രാജിവെച്ചിരുന്നു.

ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നാല് കുട്ടികളെ ഇറക്ക് വിട്ട് വീട് ജപ്തി ചെയ്ത നടപടി വിവാദമായതിന് പിന്നാലെയാണ് ഗോപി കോട്ടമുറിക്കൽ രാജി വച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സര്‍ക്കാര്‍ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

അതേസമയം രാജി കേരള ബാങ്കിന്റെ ചെയർമാൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണമാണെന്ന് ഗോപി കോട്ടമുറിക്കൽ പ്രതികരിച്ചു. മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. സർക്കാരിന്റെ നയത്തിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായത്. ജപ്തിക്ക് മുമ്പ് കുടുംബത്തിന് മറ്റൊരു താമസ സൗകര്യം ഒരുക്കണമായിരുന്നു. ധാർമ്മിക ഉത്തരവാധിത്തം തനിക്കുണ്ട്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു