santosh-trophy

മലപ്പുറം: സന്തോഷ് ട്രോഫിയിൽ ഉജ്ജ്വല തുടക്കവുമായി കേരളം. ക്യാപ്ടൻ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിൽ ദുർബലരായ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരളം, ടൂർണമെന്റിലെ തങ്ങളുടെ ശക്തമായ വരവറിയിച്ചു. 6, 57, 62 മിനിട്ടുകളിലായിരുന്നു ജിജോുടെ ഗോളുകൾ. 38ാം മിനിട്ടിൽ നിജോ ഗിൽബർട്ടും 81ാം മിനിട്ടിൽ അജയ് അലക്സും കേരളത്തിന്റെ ഗോളുകൾ നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ തന്നെ ജിജോയുടെയും നിജോയുടെയും ഗോളുകളിൽ കേരളം 2-0ന് മുന്നിലായിരുന്നു.

അഞ്ചാം മിനിട്ടിൽ കേരളാ താരത്തെ ഫൗൾ ചെയ്തതിന് പെനാൽട്ടി ബോക്സിന് തൊട്ടടുത്ത് വച്ച് റഫറി രാജസ്ഥാന് എതിരായി ഫ്രീകിക്ക് വിധിക്കുകയായിരുന്നു. കിക്കെടുത്ത ജിജോ ഡയറക്ട് കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. 39ാം മിനിട്ടിൽ നിജോ ഗിൽബർട്ട് ഒരു ലോംഗ് റെഞ്ചറിലൂടെ കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.

ആക്രമിച്ച തുടങ്ങിയ കേരളം തുടക്കം മുതൽ രാജസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ആദ്യ ഗോൾ നേടിയ ശേഷം കൂടുതൽ ആക്രമണകാരികളായ കേരളം രാജസ്ഥാന് ഒന്ന് അനങ്ങാനുള്ള അവസരം പോലും ഇതുവരെയായും നൽകിയിട്ടില്ല. കേരളത്തിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും നാല് തവണ മാത്രമാണ് രാജസ്ഥാന് പന്ത് കേരളത്തിന്റെ ബോക്സ് വരെയെങ്കിലും എത്തിക്കാൻ സാധിച്ചത്.

ആദ്യപകുതിയിൽ മദ്ധ്യനിരയുടെ കരുത്തിലായിരുന്നു കേരളത്തിന്റെ പ്രകടനം. എന്നാൽ അവസരത്തിനൊത്ത് കേരളത്തിന്റെ മുൻനിര ഉയരാത്തത് പലപ്പോഴും കല്ലുകടിയായി. ക്യാപ്ടൻ ജിജോ ജോസഫും മുൻ ഐ ലീഗ് താരം അർജുൻ ജയരാജും ഒന്നിനുപിറകേ ഒന്നായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവ പലപ്പോഴും മുതലാക്കാൻ ആദ്യപകുതിയിൽ കേരളത്തിന്റെ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.