v-abdurahman

മലപ്പുറം: കേരളത്തിലേക്ക് കൂടുതൽ ദേശീയ അന്തർദേശീയ ഫുട്ബാൾ മത്സരങ്ങൾ കൊണ്ടുവരുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം കാണാന്‍ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ നേര്‍സാക്ഷ്യമാണെന്നും കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരുന്നത് സംബന്ധിച്ച് എ ഐ എഫ് എഫുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് നടക്കുന്ന ദേശീയ സന്തോഷ് ട്രോഫി ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി പയ്യനാട് സ്റ്റേഡിയത്തിന് ഇല്ലെന്നും സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെയായിരിക്കും നവീകരണപ്രവർത്തനങ്ങളെന്നും സ്റ്റേഡിയത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറികൾ ഉടനടി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. കായിക വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.