
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. വാഹനം ഓടുന്നതിനിടെയായിരുന്നു അപകടം. രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച ടയർ വാഹനത്തിൽ നിന്ന് ഊരിമാറി. കാറിന് അധികം വേഗതയില്ലാതിരുന്നതിനാൽ മാത്രമാണ് വൻ അപകടം ഒഴിവായത്. വാഹനത്തിന്റെ കാലപ്പഴക്കവും മോശം സ്ഥിതിയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യമന്ത്രിയടക്കം പുതിയ വാഹനത്തിലേക്ക് മാറിയിട്ടും ധനമന്ത്രി തന്റെ പഴയ വാഹനത്തിൽ തന്നെ തുടരുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷം കിലോമീറ്റർ ഓടിയ ഇന്നോവയാണ് മന്ത്രി നിലവിൽ ഉപയോഗിക്കുന്നത്. വാഹനം മാറാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പഴയ വാഹനത്തിൽ തന്നെ തുടരാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു.