
പാലക്കാട്: കൊല്ലപ്പെട്ട ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും. പതിനൊന്നുമണിയോടെ മൃതദേഹം വിലാപയാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം രണ്ട് മണിക്ക് കറുകോടി ശ്മശാനത്തിലാണ് സംസ്കാരം.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലയാളി സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തേക്കും. കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുക്കും. എ ഡി ജി പി വിജയ് സാഖറെ പാലക്കാട്ടെത്തിയിട്ടുണ്ട്.
ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മതസ്പർദ്ധ ഉണ്ടാക്കുന്ന സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആർ എസ് എസ് നേതാവിന്റെ കൊലയ്ക്ക് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് നഗരത്തിലെ എസ് കെ എസ് ഓട്ടോ കൺസൾട്ടിംഗ് സ്ഥാപനത്തിൽ കയറി അതിന്റെ ഉടമയും ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖുമായ ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് ബെെക്കുകളിലായെത്തിയ അറ്‌പേരാണ് ആക്രമണം നടത്തിയത്.
അതേസമയം എസ് ഡി പി ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അഞ്ച് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കൊലയാളികൾക്ക് സഹായം ചെയ്തതായി സംശയിക്കുന്നവരും, കൊലപാതകത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചവരുമാണ് പിടിയിലായത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ഇരുപത്തിരണ്ടാളുകളിൽ ആറ് പേർ കൂടി പൊലീസ് നിരീക്ഷണത്തിലുണ്ട്. ഇവരുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പരിശോധിക്കുന്നത്.
പാലക്കാട് എലപ്പുള്ളി ഗ്രാമത്തിൽ നോമ്പിക്കോടുവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ ജുമുഅ പ്രാർത്ഥന കഴിഞ്ഞ് ഒന്നര മണിയോടെ പിതാവുമായി ബൈക്കിൽ മടങ്ങുകയായിരുന്ന പോപ്പുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.