ksrtc-minnal-accident-

തിരുവനന്തപുരം: നാവായിക്കുളത്ത് കെ എസ് ആർ ടി സിയുടെ മിന്നലും തടി കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. നാവായിക്കുളത്തിന് സമീപം 28 ാം മൈലിലാണ് അപകടം നടന്നത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. യാത്രക്കാരായ അഞ്ച് തമിഴ്നാട് സ്വദേശികൾ, ഡ്രൈവർ കോട്ടയം സ്വദേശി ഷനോജ്, കണ്ടക്ടർ അഞ്ചൽ സ്വദേശി അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്.

തിരുവനന്തപുരം ഭാഗത്തേക്ക് വന്ന മിന്നലും എതിർദിശയിൽ നിന്ന് വന്ന ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. ലോറിയെ ഓവർടേക്ക് ചെയ്തു വന്ന ആംബുലൻസിന്റെ പിൻഭാഗത്ത് തട്ടിയ ശേഷമാണ് ബസ് ലോറിയുടെ സൈഡിൽ ഇടിച്ചത്. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ പരിക്കേറ്റ ആറു പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലന്പലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.