
ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിലാണ് ഇന്നലെ വൈകിട്ട് ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന റാലിയിൽ കല്ലേറുണ്ടായത്. ഇതിനു പിന്നാലെ അക്രമികൾ ചില വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
സംഘർഷത്തിൽ എട്ടു പൊലീസുകാർ ഉൾപ്പടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു സബ് ഇൻസ്‌പെക്ടർക്ക് വെടിയേറ്റിരുന്നു. ഇദ്ദേഹം അപകടനില തരണം ചെയ്തു. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ ശാന്തമാണെന്നും സംഘർഷം മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞുവെന്നും ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു.
Heavy security deployment in Delhi's Jahangirpuri area where a clash broke out yesterday during a religious procession pic.twitter.com/TFkApvrNj3
— ANI (@ANI) April 17, 2022
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതീവ ജാഗ്രതയിലാണ്. 200 ഓളം ദ്രുത കർമ്മ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഡ്രോണുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി വരികെയാണ്.
എല്ലാവരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചു. ഡൽഹിയുടെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാരിനാണ്. അതിനാൽ ക്രമസമാധാനം പാലിക്കുന്നതിന് കേന്ദ്രം എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ കർശന സുരക്ഷയൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസിന് നിർദേശം നൽകി. അതേസമയം ഈ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Delhi | Heavy security deployed in the Jahangirpuri area after a clash between two groups. pic.twitter.com/srp5AZQuix
— ANI (@ANI) April 16, 2022