
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ മരണവിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തുന്ന ബന്ധുക്കൾക്കും പാർട്ടിക്കാർക്കുമൊക്കെ നോവാകുന്നത് അദ്ദേഹത്തിന്റെ ഏകമകൾ നവനീതയാണ്. അച്ഛൻ പോയതറിഞ്ഞ് തളർന്നുപോയ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല.
ടൗണിൽ കൊണ്ടുപോകാമെന്നു പറഞ്ഞുപോയ അച്ഛന്റെ വരവു കാത്തിരുന്ന നവനീതയെ തേടിയെത്തിയത് അപകട വാർത്തയാണ്. ''അമ്മാ, അച്ഛൻ എന്തു ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്. അച്ഛൻ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ''എന്നു പറഞ്ഞുകൊണ്ടാണ് പെൺകുട്ടി നിലവിളിക്കുന്നത്.
ശ്രീനിവാസന്റെ മരണവിവരം അറിഞ്ഞ് ഭാര്യ ഗോപിക കുഴഞ്ഞുവീണു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗോപികയെ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിച്ചു. പ്രായമായ അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഉൾപ്പടെയുള്ള കുടുംബത്തെ നോക്കിയിരുന്നത് ശ്രീനിവാസനായിരുന്നു.