
പാലക്കാട്: 24 മണിക്കൂറിനുള്ളിൽ പാലക്കാട് രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയതിന് പിന്നാലെ സർവകക്ഷി യോഗം വിളിച്ച് ജില്ലാ കളക്‌ടർ മൃണ്മയി ജോഷി. നാളെ വൈകിട്ട് 3.30ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്.
പോപ്പുലർ ഫ്രണ്ട്, ആർ എസ് എസ് പ്രവർത്തകരാണ് കൊലപ്പെട്ടത്. യോഗത്തിൽ ഇരുവിഭാഗവും പങ്കെടുക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അതേസമയം, ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നതലയോഗം പാലക്കാട് പുരോഗമിക്കുകയാണ്. കൊലപാതകങ്ങളെത്തുടർന്ന് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു.
ആർ എസ് എസ് നേതാവും മുൻ ശാരീരിക് ശിക്ഷക് പ്രമുഖുമായ ശ്രീനിവാസനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. രണ്ട് ബെെക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേർ എത്തിയാണ് ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കടയിൽ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നിൽ എസ്‌ഡിപിഐ ആണെന്നും അക്രമികളെ തടയാൻ പൊലീസ് ഒന്നും ചെയ്‌തില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
എസ്‌ഡിപിഐ പ്രവർത്തകനായ സുബെെർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പാലക്കാട് എലപ്പുള്ളി ഗ്രാമത്തിൽ നോമ്പിക്കോടുവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് ഒന്നര മണിയോടെ പിതാവുമായി ബൈക്കിൽ മടങ്ങുകയായിരുന്ന പോപ്പുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.സുബെെറിന്റെ കൊലയ്ക്കു പിന്നിൽ ആർഎസ്‌എസ് ആണെന്നായിരുന്നു എസ്‌ഡിപിഐ യുടെ ആരോപണം. സുബെെറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിലും പറഞ്ഞിരുന്നു.