
കൊച്ചി: വധ ഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ചൊവ്വാഴ്ച രാവിലെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. അതേസമയം സൈബർ വിദഗ്ദ്ധനായ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും.
തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നിരുന്നാലും അന്വേഷണ സംഘം നടപടികളുമായി മുന്നോട്ടു പോവുകയാണ്. സി ആർ പി സി 173 (8) വകുപ്പ് പ്രകാരം അന്വേഷണം തുടരാമെന്ന് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് സംഘം നാളെയാണ് വിചാരണ കോടതിയിൽ സമർപ്പിക്കുന്നത്. ഇതിനൊപ്പം അന്വേഷണത്തിന് സാവകാശം തേടിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന കാര്യവും കോടതിയെ ബോദ്ധ്യപ്പെടുത്തും.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ആലുവ പൊലീസ് ക്ലബ്ബിൽ തന്നെയാണ് സായിയോടും ഹാജരാവാൻ നിർദേശിച്ചിരിക്കുന്നത്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നതിൽ കോടതി ജീവനക്കാരുടെ മൊഴി ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും.