prashant-kishor-rahul-gan

ന്യൂഡൽഹി: കോൺഗ്രസിനെ കരകയറ്റാൻ പാർട്ടിക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങി പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പയറ്റാനുള്ള പദ്ധതിയും അദ്ദേഹം ഉന്നതതല നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായിരുന്ന കോൺഗ്രസ് ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കണമെന്നാണ് പ്രശാന്തിന്റെ പ്രധാന നിർദേശം.

ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് പോരാടണം. എന്നാൽ തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കണമെന്നും പ്രശാന്ത് നിർദേശിക്കുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് യോജിക്കുമോ എന്ന കാര്യത്തിൽ തീർച്ചയില്ല.

പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രശാന്ത് കിഷോർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസിൽ ചേരുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോർ കോൺഗ്രസിനോട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആ ചർച്ചകൾ വലിയ ഭിന്നിപ്പിലാണ് കലാശിച്ചത്.


മേഘാലയിൽ പ്രശാന്ത് കിഷോറിന്റെ കരുനീക്കത്തിൽ കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് തൃണമൂൽ കോൺഗ്രസിലേക്ക് പോയതോടെ പാർട്ടിയും അദ്ദേഹവും തമ്മിലുള്ള ഭിന്നിപ്പ് കൂടുതൽ വഷളായി. എന്നാൽ ഗുജറാത്തിൽ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളോടെയാണ് പ്രശാന്തിനെ പാർട്ടിക്കൊപ്പം നിർത്താനുള്ള ആലോചനകൾ ഉടലെടുക്കുന്നത്.


അതേസമയം, പാർട്ടിയിൽ ചേരണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രശാന്ത് കിഷോർ തന്നെയാണെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. കോൺഗ്രസിനെ സംഘടനാപരമയായി ശക്തിപ്പെടുത്തുന്നതിനൊപ്പം സഖ്യങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ചും പാർട്ടിയിൽ ചർച്ചകളുണ്ടാകും. പ്രശാന്ത് കിഷോർ സമർപ്പിച്ച 2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ രൂപരേഖയെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ ചുമതപ്പടുത്തുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.