sreenivasan

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാക്കറെ. രണ്ട് കേസിലെ പ്രതികളെയും കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകങ്ങൾ നടത്തിയത്. യാതൊരു വീഴ്ചയും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കും. കേസിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നതെന്നും എഡിജിപി വ്യക്തമാക്കി.

ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഈ കേസിലെ പ്രതികളെ പിടികൂടുന്നതിനായി നാല് സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എത്രയും പെട്ടന്ന് തന്നെ ഇവരെയും പിടി കൂടും. രണ്ട് കേസുകളുമായി ബന്ധപ്പട്ട് നിരവധി പേരെയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കു. വളരെ വേഗത്തിൽ തന്നെ രണ്ടു കേസുകളിലെയും പ്രതികളെ പിടികൂടാൻ കഴിയും. നിലവിൽ നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും വിജയ് സാക്കറെ പറഞ്ഞു.

ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് നിലയ്ക്കാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് പ്രതികൾ എത്തിതെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.


ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

മൂത്താന്തറ കണ്ണകി നഗർ സ്‌കൂളിലെ പൊതുദർശനത്തിനു ശേഷമാണ് ശ്രീനിവാസന്റെ മൃതദേഹം മേലേമുറിയിലെ വീട്ടിലെത്തിച്ചത്. ശ്രീനിവാസനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും വീട്ടുമുറ്റത്ത് വൻജനാവലിയാണുണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കറുകുടി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തുക. നാല് മണിക്കുള്ളിൽ തന്നെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. പ്രദേശത്ത് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ വലിയ വൻ പൊലീസ് സുരക്ഷയാണുള്ളത്.