crime

ചെന്നൈ: സ്വന്തം കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം. ഏപ്രിൽ 14ന് രാത്രിയാണ് ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാർ കാർ തീയിട്ട് നശിപ്പിച്ചത്. തുടർന്ന് മറ്റാരോ വാഹനം കത്തിച്ചുവെന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ചെന്നൈ മധുരവോയൽ എന്ന സ്ഥലത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറാണ് കത്തിനശിച്ചത്. തീയുയർന്നതിന് പിന്നാലെ സമീപവാസികളും സതീഷിന്റെ ബന്ധുക്കളും ഓടിയെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പെട്രോൾ ബോംബ് എറിഞ്ഞതാണെന്ന സംശയം ഉദിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്.

Tamil Nadu BJP district secretary of Tiruvallur West, Sathish Kumar arrested for setting fire to his car on his own. Initially there were speculation in the media that petrol bombs were hurled on the car. pic.twitter.com/EX3iSGWKF2

— Mohammed Zubair (@zoo_bear) April 17, 2022

വെള്ള ഷർട്ട് ധരിച്ച ഒരാൾ സൈക്കിളിൽ കാറിന് അരികിലേക്ക് വരുന്നതും കാറിന്റെ വിൻഡോകളിലൂടെ അകത്തേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ച് കഴിഞ്ഞ് ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാൾ കാറിനടുത്ത് എത്തി കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യുന്നത് കാണാം. നിമിഷങ്ങൾക്കകം തീപടർന്നു പിടിക്കുകയും ചെയ്യുന്നു.

ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാദൃശ്യമുള്ള ആളാണെന്ന് പൊലീസ് സംശയിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കുറച്ചു കാലമായി ഭാര്യ സ്വർണം വാങ്ങി നൽകുന്നത് നിർബന്ധിക്കുകയാണെന്നും അതിന് ആവശ്യമായ പണം കയ്യിൽ ഇല്ലാത്തതിനാൽ കാറിന് തീയിടാൻ തീരുമാനിക്കുകയായിരുന്നെന്നും സതീഷ് പൊലീസിനോട് വെളിപ്പെടുത്തി. കാറ് വിൽക്കാനും ഭാര്യ നിർബന്ധിച്ചു. തുടർന്നാണ് കാറ് കത്തിച്ച് ഇൻഷുറൻസ് തുക കൈക്കലാക്കാൻ പദ്ധതിയിടുന്നത്. ആ തുക കൊണ്ട് ഭാര്യയ്ക്ക് സ്വർണം വാങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സിസിടിവി എല്ലാ പദ്ധതിയും തകർക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് വിട്ടയച്ചു.