palakkad-murder

തിരുവനന്തപുരം: പാലക്കാട് കൊലപാതകങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലയ്ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികൾ ആണെന്ന് വി ഡി സതീശൻ ആരോപിച്ചു.

സംഭവത്തിൽ സർക്കാരിന്റെ നിസംഗത ഭയാനകമാണെന്നും പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ തടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സതീശൻ പറഞ്ഞു. വർഗീയ ശക്തികൾ പൊലീസിൽ നുഴഞ്ഞുകയറി. കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഇത്തരം നീക്കങ്ങൾ തടയാൻ സാധിക്കാത്തത് ഇന്റലിജൻസിന്റെ വീഴ്ചയാണ്. ഇന്റലിജൻസ് ഒന്നും അറിയുന്നില്ല. എന്തിനാണ് ഇത്തരമൊരു ഇന്റലിജൻസ് സംവിധാനമെന്നും വി ഡി സതീശൻ ചോദിച്ചു.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ സമാനരീതിയിലാണ് പാലക്കാടും നടന്നത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ഉണ്ടായതല്ല. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. സർക്കാരിത് തടയാൻ ശ്രമിച്ചില്ലെങ്കിൽ പ്രതിപക്ഷം ഉത്തരവാദിത്തം ഏറ്റെടുക്കും. പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ശക്തമായ ക്യാമ്പയിൻ നടത്തും. ജനങ്ങളെ ഇത്തരത്തിലുള്ള അപകടങ്ങളിലേക്ക് വിട്ടുകൊടുക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.