
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമികൾ ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം ചെയ്തു. ആർസി മാത്രമാണ് തന്റെ പേരിൽ ഉള്ളതെന്നും വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഇവർ മൊഴി നൽകിയത്. നാർകോട്ടിക്‌സ് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, മൂത്താന്തറ കണ്ണകി നഗർ സ്‌കൂളിലെ പൊതുദർശനത്തിനു ശേഷം ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. ശ്രീനിവാസന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കറുകുടി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.
അതേസമയം, പാലക്കാട് ജില്ലയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. രണ്ട് കേസിലെ പ്രതികളെയും കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകങ്ങൾ നടത്തിയത്. യാതൊരു വീഴ്ചയും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കും. കേസിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നതെന്നും എഡിജിപി വ്യക്തമാക്കി.
ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് നിലയ്ക്കാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് പ്രതികൾ എത്തിയതെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.