pop

വത്തിക്കാൻ: ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്‌മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നലെ ഈസ്റ്റർ ആഘോഷിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി.

യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

യുക്രെയിൻ ജനതയുടെ ധീരതയെ വാഴ്‌ത്തിയ പാപ്പ, ദൈന്യതയുടെ നാളുകളിൽ അവർക്കൊപ്പമുണ്ടെന്ന് അറിയിച്ചു. ക്രിസ്തു ഉയർത്തെഴുന്നേറ്റെന്ന് യുക്രേനിയൻ ഭാഷയിൽ പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

റഷ്യൻ സൈന്യം തടവിലാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത മെലിറ്റോപോളിലെ മേയർ ഇവാൻ ഫെഡോറോവും കുടുംബവും മൂന്ന് യുക്രെയിൻ രാഷ്ട്രീയ നേതാക്കളും വത്തിക്കാനിലെ ചടങ്ങിൽ പങ്കെടുത്തു.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കുർബാനയ്ക്ക് മാർപാപ്പ നേതൃത്വം നൽകിയില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻവശത്ത് വെള്ളക്കസേരയിൽ ഇരുന്നാണ് അദ്ദേഹം പ്രസംഗം വായിച്ചത്.