1

വടക്കാഞ്ചേരി: എസ്.എൻ.ഡി.പി യോഗം നേരിടുന്ന വെല്ലുവിളികളെ ശക്തമായി നേരിടുമെന്ന് യോഗം ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പാർളിക്കാട് ശ്രീ നടരാജ ഗിരി ബാലസുബ്രമണ്യ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠയ്ക്കായി നിർമ്മിച്ച പുതിയ ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിനെതിരെ ചിലർ നടത്തിവരുന്ന ദു‌ഷ്‌പ്രചാരണത്തിനെതിരെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരെ അണിനിരത്തി കേരളത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും.

ഗുരുദേവ ദർശനങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ഏറെ പ്രശസ്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

തളർന്നുകിടന്ന ഈഴവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ യോഗത്തിന് കഴിഞ്ഞു. സംഘടനാപരമായും വിദ്യാഭ്യാസ നിലവാരത്തിലും യോഗം ഇന്ന് ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തെ അപകീർത്തിപ്പെടുത്തുന്ന വിധം സമൂഹ മാദ്ധ്യമങ്ങൾ വഴി ചിലർ പ്രചരണങ്ങൾ അഴിച്ചുവിടുന്നു.

യോഗം ഇത് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷനായി.ശിവഗിരിമഠം ഭരണ സമിതി അംഗം സ്വാമി വിശാലാനന്ദ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. തുടർന്ന് നടന്ന സംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.