vfcgvb

തളിപ്പറമ്പ്: മൊബൈൽ ഷോപ്പുടമയുടെ പണവും മൊബൈൽ ഫോണുകളും അടങ്ങിയ ബാഗ് കവർന്നു. സയ്യിദ് നഗറിലാണ് സംഭവം. ഡോക്ടർ മൊബൈൽ എന്ന സ്ഥാപനത്തിന്റെ ഉടമ പുഷ്പഗിരിയിലെ കെ.വി ബദറുദ്ദീൻ ആണ് കവർച്ചക്കിരയായത്. 17,000 രൂപയും നാല് ഫോണുകളും അടങ്ങിയ ബാഗാണ് മോഷണം പോയത്. വിഷു ആയതിനാൽ കടയിൽ മറ്റ് ജീവനക്കാർ ഉണ്ടായിരുന്നില്ല. വൈകുന്നേരം ആറ് മണിയോടെ കട പൂട്ടുന്നതിനിടെയാണ് കവർച്ച നടന്നത്. പണവും സർവീസിനായി ലഭിച്ച ഫോണുകളും അടങ്ങിയ ബാഗ് കടയുടെ ഷട്ടർ താഴ്ത്തുന്നതിനായി ബദറുദ്ദീൻ വരാന്തയിൽ വെച്ചിരുന്നു. ഷട്ടർ താഴ്ത്തിയതിനുശേഷം നോക്കിയപ്പോഴാണ് ബാഗ് കാണാതായത്. പൊലീസിൽ പരാതി നല്കി.നഷ്ടമായ ഫോണുകളിലേക്ക് വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. പ്രദേശത്തെ നഗരസഭയുടേതടക്കം നിരീക്ഷണ കാമറകൾ പൊലീസ് പരിശോധിക്കുകയാണ്.