pm

ബ്രിട്ടീഷ് പ്രധാനമന്ത്രി 21ന് എത്തും

22ന് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: ഇന്ത്യയെ പ്രധാന സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യാ സന്ദർശനത്തിനായി 21ന് ഗുജറാത്തിലെ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് ബോറിസിന്റെ ട്വീറ്റ്.

ലോകത്തെ ഏ​റ്റവും വലിയ ജനാധിപത്യ രാജ്യവും പ്രധാന സാമ്പത്തിക ശക്തിയുമാണ് ഇന്ത്യ. ലോകത്തെ ഏ​റ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബ്രിട്ടൻ ബന്ധം സ്ഥാപിക്കുന്നത് നല്ലതാണ്. സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലെ സമാധാനത്തിന് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒത്തൊരുമിച്ച് നൽക്കണമെന്നും ബോറിസ് കൂട്ടിച്ചേർത്തു.

ബ്രിട്ടനിലെ ഇന്ത്യക്കാരിൽ ഗുജറാത്ത് സംസ്ഥാനക്കാരാണ് ഏറ്റവും കൂടുതൽ. അഹമ്മദാബാദ് സന്ദർശനത്തിന് ശേഷം ബോറിസ്, ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

വ്യവസായ - പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബോറിസ് ഇന്ത്യയിലെത്തുന്നത്. തൊഴിൽ സാദ്ധ്യതകൾ, സാമ്പത്തിക വളർച്ച, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളും 22ന് നടക്കുന്ന മോദി - ബോറിസ് കൂടിക്കാഴ്ചയിൽ ചർച്ചയാകും.